47 സ്കൂളുകളിൽ ഡിവിഷനുകൾ വർധിപ്പിക്കാൻ ശിപാർശ
1583474
Wednesday, August 13, 2025 2:08 AM IST
കാസർഗോഡ്: ജില്ലയിലെ 47 സ്കൂളുകളിൽ ഡിവിഷനുകൾ വർധിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ശിപാർശ. കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിൽ 21 സ്കൂളുകളിലും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 26 സ്കൂളുകളിലുമാണ് ഓരോ ഡിവിഷനുകൾ കൂട്ടാൻ ശുപാർശ ചെയ്തിട്ടുള്ളത്. ഹൈസ്കൂളുകളും പ്രൈമറി സ്കൂളുകളും പട്ടികയിലുണ്ട്.
ഹൈസ്കൂൾ വിഭാഗത്തിൽ അടിസ്ഥാനപരമായി 45 കുട്ടികളെ ഉൾപ്പെടുത്തിയാണ് ഒരു ഡിവിഷൻ രൂപീകരിക്കുന്നത്. പ്രൈമറി വിഭാഗത്തിൽ 30 കുട്ടികൾക്ക് ഒരു ഡിവിഷൻ അനുവദിക്കാമെന്നാണ് നിയമം. കുട്ടികളുടെ എണ്ണത്തിൽ ഇതിനുമാത്രം വർധനയുണ്ടായിട്ടുള്ള സ്കൂളുകളിലാണ് ഡിവിഷനുകൾ കൂട്ടാൻ ശിപാർശ ചെയ്തത്.
അതതു വിദ്യാഭ്യാസ ജില്ലാ ഓഫീസർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ബന്ധപ്പെട്ട ഓരോ സ്കൂളുകളിലുമെത്തി പരിശോധന നടത്തിയതിനു ശേഷമാണ് വിദ്യാഭ്യാസ വകുപ്പിലേക്ക് റിപ്പോർട്ട് അയക്കുക. ഈ പരിശോധനയ്ക്ക് കഴിഞ്ഞദിവസം തുടക്കമായി.
അതേസമയം, ഡിവിഷനുകൾ വർധിപ്പിച്ചാലും അതിനനുസരിച്ച് കൂടുതൽ അധ്യാപക തസ്തികകൾ അനുവദിക്കാൻ ഇടയില്ലെന്നാണ് സൂചന. ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ സംയോജനമടക്കമുള്ള സ്കൂൾ ഏകീകരണ നടപടികൾ ഇപ്പോൾ അന്തിമഘട്ടത്തിലാണ്. ബന്ധപ്പെട്ട ബിൽ തയാറാക്കി ധനവകുപ്പിന്റെ അന്തിമ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ഏകീകരണ നടപടികൾ പൂർത്തിയാകുന്നതോടെ ഹയർ സെക്കൻഡറി വിഭാഗത്തിലെ അധ്യാപകർ ഹൈസ്കൂളിലും തിരിച്ചും ക്ലാസുകൾ എടുക്കേണ്ടിവരും. പ്രൈമറി വിഭാഗത്തിലും തസ്തികകളുടെ പുനർവിന്യാസമുണ്ടാകും. ഇതോടെ പുതിയ തസ്തികകൾ വേണ്ടിവരില്ലെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
വിദ്യാഭ്യാസ ഉപജില്ലകൾ ഇനി ബ്ലോക്ക് തലത്തിലേക്ക് വഴിമാറും
സ്കൂൾ ഏകീകരണ നടപടികൾ പൂർത്തിയാകുന്നതോടെ നിലവിലുള്ള വിദ്യാഭ്യാസ ജില്ലകളും ഉപജില്ലകളും ഇല്ലാതാകും. ഇവയെ ത്രിതല പഞ്ചായത്ത് അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കാനാണ് ശിപാർശ ചെയ്തിട്ടുള്ളത്. ഇതോടെ ജില്ലയിൽ കാസർഗോഡ്, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലകൾക്കു പകരം റവന്യൂ ജില്ല അടിസ്ഥാനത്തിൽ നിലവിലുള്ള ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മാത്രമാകും മൊത്തത്തിലുള്ള ഭരണ ചുമതല.
അതിനു താഴെ ഉപജില്ലകൾക്കു പകരം ബ്ലോക്ക് അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ഓഫീസർമാരുണ്ടാകും. ബ്ലോക്കിനു താഴെ ഓരോ പഞ്ചായത്തുകളിലും വിദ്യാഭ്യാസ ഓഫീസർമാരുണ്ടാകും. നഗരസഭകൾക്കും ഓരോ വിദ്യാഭ്യാസ ഓഫീസർമാരുണ്ടാകും. ഇത്രയും പുതിയ തസ്തികകൾ വരുന്നത് അധ്യാപകരുടെ പ്രമോഷൻ സാധ്യത വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
നിലവിൽ മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ബേക്കൽ, ഹൊസ്ദുർഗ്, ചെറുവത്തൂർ, ചിറ്റാരിക്കാൽ എന്നിങ്ങനെ ഏഴു വിദ്യാഭ്യാസ ഉപജില്ലകളാണ് ജില്ലയിലുള്ളത്. ഇവയ്ക്കു പകരം ഇനി മഞ്ചേശ്വരം, കാറഡുക്ക, കാസർഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ എന്നിങ്ങനെ ആറു ബ്ലോക്കുകളിലായി സ്കൂളുകളെ പുനഃക്രമീകരിക്കും.
അടുത്ത വർഷം മുതൽ സ്കൂൾ കലോത്സവങ്ങളും ഉപജില്ലാ തലത്തിനു പകരം ബ്ലോക്ക് തലത്തിലാകും. ഇതോടെ നിലവിൽ ഹൊസ്ദുർഗ്, ചിറ്റാരിക്കാൽ ഉപജില്ലകളിലായി വിഭജിക്കപ്പെട്ടിരിക്കുന്ന മലയോരമേഖലയിലെ സ്കൂളുകൾക്ക് പരപ്പ ബ്ലോക്കിനു കീഴിൽ ഒരുമിച്ച് മത്സരിക്കാനാകും. ഹൊസ്ദുർഗ് ഉപജില്ലയിൽ സ്കൂളുകളുടെ എണ്ണക്കൂടുതൽ കൊണ്ടുള്ള പ്രശ്നങ്ങൾക്കും പരിഹാരമാകും.