മൊഗ്രാലിലെ ചവിട്ടുവലക്കാർക്കും വലനിറയെ മീൻ
1583181
Tuesday, August 12, 2025 12:42 AM IST
കുമ്പള: മഴയും കടലേറ്റവും ഒഴിഞ്ഞതോടെ മൊഗ്രാലിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളായ ചവിട്ടുവലക്കാർക്കും ചാകരക്കോള്. വലയുമായി നാടൻ തോണിയിൽ കടലിലിറങ്ങി കരയിൽ നിന്ന് 100 മുതൽ 300 മീറ്റർ വരെ ദൂരത്തിൽ വലവിരിച്ച് പിന്നീട് കരയിൽ നിന്നുതന്നെ വലിച്ചെടുക്കുന്നതാണ് ചവിട്ടുവല മത്സ്യബന്ധന രീതി. ആദ്യദിനം തന്നെ വല നിറയെ മീൻ കിട്ടിയത് തീരക്കടലിലും മത്സ്യലഭ്യത കൂടിയതിന്റെ സൂചനയായി.
ആദ്യദിനത്തിൽ വേളൂരി എന്നറിയപ്പെടുന്ന മീനാണ് ചവിട്ടുവലയിൽ കൂടുതലായി കിട്ടിയത്. ഇതിന് പൊതുവേ വില കുറവാണെന്നത് വലക്കാർക്ക് നിരാശയായി. മത്സ്യലഭ്യത കൂടിയ സമയങ്ങളിൽ ചെമ്മീനും മത്തിയുമെല്ലാം ചവിട്ടുവലയിലും കിട്ടാറുണ്ടെന്നാണ് ഇവരുടെ അനുഭവം. ആഴക്കടലിൽ നിന്ന് മീൻപിടിക്കുന്ന ബോട്ടുകാർക്ക് ചെമ്മീനും അയലയുമാണ് ആദ്യദിനങ്ങളിൽ കൂടുതലായി കിട്ടുന്നത്.
റംപണി എന്ന് നാട്ടുഭാഷയിൽ അറിയപ്പെടുന്ന ചവിട്ടുവല മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന ആയിരക്കണക്കിന് തൊഴിലാളികൾ ഒരുകാലത്ത് മൊഗ്രാൽ ഭാഗത്തുണ്ടായിരുന്നു. ഇപ്പോൾ നൂറിൽ താഴെ ആളുകൾ മാത്രമേയുള്ളൂ. നേരത്തേ ആറ് സംഘങ്ങളുണ്ടായിരുന്നത് ഇപ്പോൾ മൂന്നായി കുറഞ്ഞു. കാലാവസ്ഥാ മാറ്റത്തിനൊപ്പം തീരക്കടലിലെ മത്സ്യലഭ്യതയിലുണ്ടായ കുറവാണ് റംപണി സംഘങ്ങളിലെ തൊഴിലാളികളിലധികവും ഈ മേഖല ഉപേക്ഷിക്കാൻ കാരണമായത്. മൊഗ്രാലിനു പുറമേ പള്ളിക്കര-ബേക്കൽ ഭാഗങ്ങളിലും ചുരുക്കം ചിലർ ഇപ്പോഴും ഈ പരമ്പരാഗത രീതിയിൽ മീൻപിടിത്തം നടത്തുന്നുണ്ട്.