ഹൈടെക് ആകാന്‍ കുടുംബശ്രീ: ബ്രാന്‍ഡഡ് ഭക്ഷ്യോത്പന്നങ്ങള്‍ സംസ്ഥാനത്തൊട്ടാകെ ലഭ്യമാക്കും
1583179
Tuesday, August 12, 2025 12:42 AM IST
കാസര്‍ഗോഡ്: അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരേ ഗുണമേന്മയിലുള്ള ബ്രാന്‍ഡഡ് ഭക്ഷ്യ ഉത്പന്നങ്ങള്‍ സംസ്ഥാനത്തൊട്ടാകെ ലഭ്യമാക്കാന്‍ പദ്ധതിയുമായി കുടുംബശ്രീ. കാര്‍ഷിക ഉപജീവന മേഖലയെ ശാക്തികരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ടെക്നോളജി അഡ്വാന്‍സ്മെന്റ് പ്രോഗ്രാം (കെ-ടാപ്പ്)എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
വനിതാ സംരംഭകര്‍, ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനികള്‍, പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ എന്നിവയ്ക്ക് നൂതന ടെക്നോളജിയുടെ പിന്തുണ നല്‍കുന്നതിലൂടെ പരമ്പരാഗത കൃഷിക്കും ഭക്ഷ്യ സംസ്കരണം മേഖലയ്ക്കും പുത്തന്‍ ഉണര്‍വ് നല്‍കുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇതിനായി 90 ലക്ഷം വിലവരുന്ന 180 ടെക്നോളജികള്‍ വില കൊടുത്തു വാങ്ങിയതായി കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന് പറഞ്ഞു.
കുടുംബശ്രീ ജില്ലാമിഷന് കാസര്‍ഗോഡ് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓർഡിനേറ്റര്‍ കെ. രതീഷ്കുമാര്‍, എം.കെ. രാജശേഖരന്, മായ ശശിധരന്, ദീപ എസ്. നായര്‍, അഞ്ചല്‍ കൃഷ്ണകുമാര്‍, വി.വി. സജീവന്, പി. സവിതകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.