നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ അടിപാതയോ മേല്‍പ്പാലമോ പണിയണം: എംപി
1583986
Friday, August 15, 2025 2:02 AM IST
നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ വടക്കുഭാഗത്ത് രണ്ടു പ്ലാറ്റ്ഫോമുകള്‍ക്കിടയില്‍ പുതിയ അടിപാതയോ മേല്‍പ്പാലമോ പണിയണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന് എംപി റെയില്‍വേ മന്ത്രിക്കും റെയില്‍ ബോര്‍ഡ് ചെയര്‍മാനും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും നിവേദനം നല്കി.
ഒന്നാം പ്ലാറ്റ് ഫോമില്‍ നിന്നും രണ്ടാം പ്ലാറ്റ്ഫോമിലേക്ക് സഞ്ചരിക്കുന്നതിന് സ്റ്റേഷന്റെ വടക്കുഭാഗത്താണ് അനുയോജ്യമായ രീതില്‍ മേല്‍പാലം നിര്‍മ്മിക്കേണ്ടത്. കുട്ടികള്‍ മുതല്‍ മുതിര്ന്നര വരെ പാളം മുറിച്ചുകടന്നാണ് ഇരുഭാഗത്തേക്കും സഞ്ചരിക്കുന്നത്. ഇതു ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു.
റെയില്‍ മുറിച്ചുകടക്കുന്നത് അപകടഭീഷണിയേറിയ ഒരു നടപടിയാണെന്നു മാത്രമല്ല, റെയില്‍വേ നിയമം ലംഘിക്കുന്ന പ്രവ്യത്തിയുമാണ്. യാത്രക്കാരുടെ സുരക്ഷയ്ക്കായി അടിയന്തിരമായി മേല്‍പ്പാലം നിര്‍മിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.
ഈ കാലഘട്ടത്തില്‍ മുഴുവന്‍ സമയവും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ശീലമുള്ള യാത്രക്കാരിലധികവും മിക്കവാറും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടാണ് ട്രാക്ക് മുറിച്ചുകടക്കുന്നത്. ട്രെയിന്‍ എത്തുന്നതറിയാതെ തന്നെ അവര്‍ ട്രാക്കില്‍ പ്രവേശിക്കുന്നത് ചെലപ്പോള്‍ വലിയ അപകടങ്ങള്ക്കിടയാക്കിയേക്കാം.
ഓഫീസ് വിടുന്ന വൈകുന്നേര സമയങ്ങളില്‍ നൂറുകണക്കിന് യാത്രക്കാരാണ് നീലേശ്വരത്ത് ഇറങ്ങുന്നതും കയറുന്നതും. വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി യാത്രക്കാര്‍ പാളം മുറിച്ചുകടക്കുകയാണ് പതിവെന്നും എംപി പറഞ്ഞു.