തൃക്കണ്ണാട് തീരത്തെ രക്ഷിക്കാൻ നടപടികൾ അനിവാര്യം
1583984
Friday, August 15, 2025 2:02 AM IST
ബേക്കൽ: പെരുമഴയുടെയും കടലേറ്റത്തിന്റെയും നാളുകൾ കഴിഞ്ഞാൽ കടൽ ഏറെക്കുറെ പൂർവസ്ഥിതിയിലേക്ക് മടങ്ങുന്ന പതിവ് തെറ്റിച്ച് തൃക്കണ്ണാട് തീരം. ഒന്നര മാസം മുമ്പ് തീരത്തിന്റെ പകുതിയിലേറെ ഭാഗവും കവർന്ന് സംസ്ഥാനപാതയുടെ സമീപത്തുവരെയെത്തിയ കടൽ ഇപ്പോഴും പഴയ സ്ഥാനത്തേക്ക് മടങ്ങിയിട്ടില്ല. തിരമാലകൾ അടിച്ചുകയറി തീരത്തുനിന്ന് വളരെയധികം ആഴത്തിൽ മണ്ണും മണലും നഷ്ടമായതോടെ ഇനി കടൽ അധികമൊന്നും പിൻവാങ്ങുമെന്ന പ്രതീക്ഷ തീരദേശവാസികൾക്കില്ല.
തൃക്കണ്ണാട് ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങളുടെ ഭാഗമായും മത്സ്യത്തൊഴിലാളികൾക്ക് അവരുടെ തൊഴിലിന്റെ കൂടി ഭാഗമായും ഏറെ പ്രാധാന്യമുള്ള വിശാലമായ കടൽത്തീരമാണ് ഏതാനും വർഷങ്ങൾക്കു മുമ്പുവരെ ഇവിടെയുണ്ടായിരുന്നത്.
വാവ് ദിവസങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾക്കായി ഇവിടെ വിശാലമായ പന്തലൊരുക്കുകയും ക്ഷേത്രത്തിലെ ഉത്സവദിനങ്ങളിൽ കലാപരിപാടികൾ നടക്കുകയും ചെയ്തിരുന്നു. വർഷാവർഷം കടലേറ്റം വർധിച്ചതോടെ തീരത്തിന്റെ വീതി കുറയുന്നത് നാട്ടുകാർ പലതവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതാണ്. എന്നിട്ടും തീരസംരക്ഷണത്തിന് ഫലപ്രദമായ നടപടികളൊന്നും ഉണ്ടാകാതിരുന്നതോടെയാണ് ഈ വർഷം സംസ്ഥാനപാത വരെ കടൽ ഇരച്ചെത്തിയത്.
ക്ഷേത്രത്തിന്റെ അനുബന്ധമായി കടപ്പുറത്ത് സ്ഥാപിച്ച പള്ളിവേട്ട മണ്ഡപവും തീരത്തെ ഉയരവിളക്കും അടിത്തറയിളകി നിൽക്കുകയാണ്. അല്പം അകലെയായി ഉണ്ടായിരുന്ന കൊടുങ്ങല്ലൂരമ്മ മന്ദിരം ഏറെക്കുറെ പൂർണമായും തകർന്നു. ഈ മന്ദിരത്തിന് സമീപത്താണ് കടൽ സംസ്ഥാനപാതയുടെ തൊട്ടടുത്തു വരെയെത്തിയത്. ഇവിടെ ഇപ്പോഴും സംസ്ഥാനപാതയിൽ നിന്ന് കഷ്ടിച്ച് 10 മീറ്റർ മാത്രം അകലെയാണ് തിരമാലകൾ ആഞ്ഞടിക്കുന്നത്. അന്നത്തെ കടലേറ്റത്തിൽ പാതയോരത്തുനിന്ന് മണ്ണിടിഞ്ഞ ഭാഗം അതേപടി നിൽക്കുന്നുണ്ട്.
സംസ്ഥാനപാതയോരത്ത് മഴവെള്ളം ഒഴുകിപ്പോകാൻ ഓവുചാലുകളില്ലാതിരുന്നതാണ് കടലിന്റെ വരവ് കുറച്ചുകൂടി വേഗത്തിലാക്കിയത്. അടുത്തുള്ള ബേക്കൽ പോലീസ് സ്റ്റേഷൻ പരിസരം മുതലുള്ള മഴവെള്ളം സംസ്ഥാനപാതയോരത്തുകൂടി കുത്തിയൊഴുകി ക്ഷേത്രപരിസരത്തുവച്ച് കടലിലേക്ക് ഒഴുകിച്ചേരുകയായിരുന്നു. ഇങ്ങനെ പാതയോരത്തെ മണ്ണിടിച്ചുകൊണ്ട് കടലിലേക്കൊഴുകിയ വെള്ളമാണ് തിരമാലകളെ എളുപ്പത്തിൽ ഇങ്ങോട്ട് ക്ഷണിച്ചുകൊണ്ടുവന്നത്.
ഇതിന്റെ പാഠം ഉൾക്കൊണ്ട് എത്രയും വേഗത്തിൽ സംസ്ഥാനപാതയോരത്ത് കോൺക്രീറ്റ് ഓവുചാൽ നിർമിക്കുമെന്ന് കഴിഞ്ഞമാസം കടലേറ്റം രൂക്ഷമായ സമയത്ത് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചിരുന്നു. പാതയോരം ഉയർത്തിക്കെട്ടി കോൺക്രീറ്റ് സംരക്ഷണഭിത്തിയും ഓവുചാലും നിർമിച്ചാൽ സംസ്ഥാനപാത തത്കാലം സുരക്ഷിതമായേക്കാം.
പക്ഷേ അതോടുകൂടി അവശേഷിച്ച തീരത്തെ കൂടി കടലിനു വിട്ടുകൊടുക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് നാട്ടുകാർ ഒരേ സ്വരത്തിൽ പറയുന്നു. തീരം പൂർണമായും ഇല്ലാതായാൽ പിന്നെ ഓവുചാലും സംസ്ഥാനപാതയുമെല്ലാം കടലെടുക്കാൻ അധികകാലമെടുക്കില്ല.
അജാനൂർ കടപ്പുറത്ത് ചെയ്തതുപോലെ ജിയോ ട്യൂബുകളും മറ്റും ഉപയോഗിച്ച് ബണ്ട് നിർമിച്ച് കടലിനെ പരമാവധി പൂർവസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുപോകണമെന്നും തുടർന്ന് ടെട്രാപോഡുകളോ കരിങ്കല്ലുകളോ കൊണ്ട് കടൽഭിത്തി നിർമിച്ച് സുരക്ഷിതമാക്കണമെന്നുമാണ് അവരുടെ ആവശ്യം.