വാഹനങ്ങളെ വീഴ്ത്തും വാരിക്കുഴികള്‍
1583734
Thursday, August 14, 2025 12:59 AM IST
കാഞ്ഞങ്ങാട്: ജനങ്ങളുടെ സുരക്ഷയ്ക്ക് തെല്ലും വില കല്പിക്കാതെ ദേശീയപാതയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍. സര്‍വീസ് റോഡില്‍ ഓവുചാലിനായി എടുത്തിട്ടുള്ള കുഴികളാണ് ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായിരിക്കുന്നത്. സര്‍വീസ് റോഡുകള്‍ക്ക് പൊതുവെ വീതി കുറവാണ്. അതിന്റെ കൂടെ ഇത്തരത്തില്‍ ആഴത്തില്‍ കുഴികള്‍ കൂടിയെടുക്കുമ്പോള്‍ ഇതുവഴിയുള്ള യാത്ര വാഹനയാത്രക്കാര്‍ക്ക് വലിയ വെല്ലുവിളിയാണ്. മിക്കയിടത്തും സുരക്ഷാവേലിയോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ല.
ചൊവ്വാഴ്ച പൂരക്കളി കലാകാരനായ പി. ദാമോദരപണിക്കര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. പുലർച്ചെ അഞ്ചോടെ കാഞ്ഞങ്ങാട് ഐങ്ങോത്ത് ദേശീയപാതയില്‍ അദ്ദേഹം സഞ്ചരിച്ച കാര്‍ ഓവുചാലിനായി എടുത്ത ആറു മീറ്റര്‍ താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
കര്‍ക്കടക ചികിത്സയ്ക്കായി പടന്നക്കാട്ടെ ആയുര്‍വേദ ആശുപത്രിയിലേക്ക് പോകുകയായിരുന്നു അദ്ദേഹം. ആശുപത്രിയിലേക്ക് തിരിയേണ്ട സ്ഥലമാണെന്നു കരുതി കാര്‍ അബദ്ധത്തില്‍ തിരിച്ചപ്പോള്‍ ചെളിയില്‍ പുതഞ്ഞ ടയര്‍ നിരങ്ങിയിറങ്ങി കുഴിയിലേക്ക് മറിയുകയായിരുന്നു. പ്രഭാതസവാരിക്കിറങ്ങിയ ആളാണ് സമീപവാസികളെ കൂട്ടി കാറില്‍ കുടുങ്ങിയ ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.
മഴ മാറി നിന്നതിനാല്‍ കുഴിയില്‍ വെള്ളമില്ലാത്തത് അനുഗ്രഹമായി. മാസങ്ങളായി എടുത്ത നിരവധി കുഴികള്‍ വെള്ളം നിറഞ്ഞ് അപകടഭീഷണി ഉയര്‍ത്തി നില്‍പ്പുണ്ട്.