ജിബിജി നിക്ഷേപതട്ടിപ്പ്: നാലു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
1583989
Friday, August 15, 2025 2:02 AM IST
കാസര്‍ഗോഡ്: ബേഡഡുക്ക കുണ്ടംകുഴി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമായ ജിബിജി (ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ്)ക്കെതിരെ നാലുകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.
കണ്ണൂര്‍ ആലക്കോട് സ്വദേശികളായ മരുതംകുന്നേല്‍ തോമസ് മാണി (65), സി.ജെ. ബേബി(65), സുഷ്മിത് മാത്യു(50), കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളിയിലെ രവീന്ദ്രന് (54) എന്നിവരുടെ പരാതിയിലാണ് സ്ഥാപനത്തിനും എംഡി യായ കുണ്ടംകുഴിയിലെ ഡി. വിനോദ് കുമാറിനും എതിരെ ബേഡകം പോലീസ് കേസെടുത്തത്.
അമിതലാഭം വാഗ്ദാനം ചെയ് ബേബിയില്‍ നിന്നു 12,39,518 രൂപയും തോമസ് മാണിയില്‍ നിന്നു 4,10,000 രൂപയും സുഷ്മിത് മാത്യുവില്‍ നിന്നു 1.76 ലക്ഷം രൂപയും തട്ടിയെടുത്തുവെന്നു പരാതികളില്‍ പറയുന്നു. കാഞ്ഞങ്ങാട് സ്വദേശിയായ രവീന്ദ്രനില്‍ നിന്നു ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
നാലു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെ ബേഡകം പോലീസ് സ്റ്റേഷനില്‍ മാത്രം ജിബിജി തട്ടിപ്പുകേസുകളുടെ എണ്ണം രണ്ടു ഡസന്‍ കവിഞ്ഞു. അതേസമയം കോടികളുടെ തട്ടിപ്പ് കേസുകളില്‍ അറസ്റ്റിലായ മാനേജിംഗ് ഡയറക്ടര്‍ വിനോദ് കുമാര്‍ ജാമ്യത്തിലിറങ്ങി. ഇയാള്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ ഉണ്ടെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള വിവരം.
അമിതലാഭം വാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപയാണ് വിനോദും സംഘവും തട്ടിയെടുത്തത്. ഇതില്‍ നിന്നു 11 കോടി രൂപ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വാങ്ങി കൂട്ടിയ സ്വത്തുക്കളും പോലീസ് കണ്ടുകെട്ടിയിരുന്നു.