മൊഗ്രാൽ സ്കൂളിലെ സാമ്പത്തിക ക്രമക്കേട്: അന്വേഷണ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യം
1583733
Thursday, August 14, 2025 12:59 AM IST
കുന്പള: മൊഗ്രാൽ ഗവ. വിഎച്ച്എസ്എസിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണവും നടപടികളും വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ ഹയർ സെക്കൻഡറി മേഖലാ ഡപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി.
നേരത്തേ പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്ന അധ്യാപകൻ സ്കൂൾ വികസന ഫണ്ടിൽ നിന്ന് 34 ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയതായാണ് ആരോപണം. ക്ലാസ് മുറികളിലെ അടിസ്ഥാനസൗകര്യ വികസനവും പുതിയ തൊഴിൽ പരിശീലന കോഴ്സുകളുമായി ബന്ധപ്പെട്ട് അനുവദിച്ച തുകയാണ് നഷ്ടമായത്.
ക്രമക്കേട് ബോധ്യപ്പെട്ട സമയത്തു തന്നെ ഇതുമായി ബന്ധപ്പെട്ട് സ്കൂൾ പിടിഎ കമ്മിറ്റി വിജിലൻസിനും ഡിഡിഇക്കും പരാതി നൽകിയിരുന്നു. എന്നാൽ, ഒരു മാസം പിന്നിട്ടിട്ടും നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ദേശീയവേദി ഭാരവാഹികൾ കണ്ണൂരിലെത്തി ഡപ്യൂട്ടി ഡയറക്ടർ പി.എക്സ്. ബീയാട്രിസ് മരിയയെ നേരിൽ കണ്ട് പരാതി നൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കാത്തതിനാലാണ് നടപടികൾ വൈകുന്നതെന്നാണ് മേഖലാ ഓഫീസിൽനിന്ന് ലഭിച്ച വിവരം. ഇക്കാര്യത്തിൽ വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ട് വീണ്ടും പരാതി നൽകുമെന്നും ദേശീയവേദി ഭാരവാഹികൾ പറഞ്ഞു.
ദേശീയവേദി പ്രസിഡന്റ് ടി.കെ. അൻവർ, ജനറൽ സെക്രട്ടറി എം.എ. മൂസ, പി.എം. മുഹമ്മദ് കുഞ്ഞി ടൈൽസ്, ബി.എ. മുഹമ്മദ് കുഞ്ഞി, എ.എം. സിദ്ദിഖ് റഹ്മാൻ എന്നിവരാണ് കണ്ണൂരിലെത്തി ഡപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയത്.