മാണിമൂലയിൽ ഭീതി പരത്തി കാട്ടാനക്കൂട്ടം
1583727
Thursday, August 14, 2025 12:59 AM IST
ബന്തടുക്ക: കർണാടക വനാതിർത്തിയോടടുത്ത മാണിമൂല, ശ്രീമല ഭാഗങ്ങളിൽ ഭീതി പരത്തി കാട്ടാനക്കൂട്ടം. അഞ്ചോ അതിലേറെയോ ആനകളടങ്ങിയ കൂട്ടമാണ് രാത്രികാലങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലുമിറങ്ങി നാശം വിതയ്ക്കുന്നത്. ഈ ഭാഗത്ത് വനാതിർത്തിയിൽ സൗരോർജവേലിയുടെ നിർമാണം പൂർത്തിയായിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കൃഷിയിടങ്ങളിലെ കവുങ്ങുകളും പ്ലാവുകളുമടക്കം ആനക്കൂട്ടം കുത്തിമറിച്ചിട്ട് നശിപ്പിച്ചു. രാത്രികാല പട്രോളിംഗ് നടത്തുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പലയിടങ്ങളിലും തീകൂട്ടിയാണ് ആനകളെ തുരത്തിയത്. ഒരു ഭാഗത്തുനിന്ന് തുരത്തുമ്പോഴേക്കും മറ്റൊരു ഭാഗത്തെ കൃഷിയിടങ്ങളിലേക്ക് ആനകളെത്തുന്നത് വനംവകുപ്പിനും നാട്ടുകാർക്കും വെല്ലുവിളിയാകുന്നു.
ബന്തടുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.പി. രാജു, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ആർ.കെ. രാഹുൽ, ബി. വിനീത്, ഫോറസ്റ്റ് വാച്ചർ ബി. സുധാകര എന്നിവരുടെ നേതൃത്വത്തിലാണ് രാത്രികാല പട്രോളിംഗ് നടത്തുന്നത്. സൗരോർജവേലിയുടെ നിർമാണം ഈ ഭാഗത്തേക്കുകൂടി നീട്ടാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.