ബഡ്സ് സ്കൂളുകളില്‍ ഐസിടി പഠനവുമായി ലിറ്റില്‍ കൈറ്റ്സ്
1584777
Tuesday, August 19, 2025 2:00 AM IST
കാസര്‍ഗോഡ്: ബഡ്സ് ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ബഡ്സ് സ്പെഷല്‍ സ്കൂളുകളിലും ഐസിറ്റി പരിശീലനവുമായി ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍. ഭിന്നശേഷി കുട്ടികളെ ചേര്‍ത്തുപിടിക്കുക എന്ന കൈറ്റിന്റെ പ്രഖ്യാപിത നയത്തിന്റെ ചുവടുപിടിച്ചാണ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ ജില്ലയിലെ ബഡ്സ് സ്കൂളുകളില്‍ ഐസിടി പഠനത്തിന്റെ ബാലപാഠങ്ങളുമായെത്തിയത്.
ഡിജിറ്റല്‍ മീഡിയയില്‍ ചിത്രം വരയ്ക്കാനും ടൈപ്പ് ചെയ്യാനും ജി കോംപ്രിസ് ഉപയോഗിച്ച് എഡ്യുക്കേഷനല്‍ ഗെയിമുകള്‍ കളിക്കാനുമുള്ള പ്രവർത്തനങ്ങള്‍ ആവേശത്തോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്. ലാപ്ടോപ്പും പ്രൊജക്ടറും കൂടെയല്പം മധുരവുമായാണ് ലിറ്റില്‍ കൈറ്റ് യൂണിറ്റുകള്‍ ബഡ്സ് സ്പെഷ്യല്‍ സ്കൂളുകള്‍ സന്ദര്‍ശിച്ചത്.
ബല്ലാ ഈസ്റ്റ് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് റോട്ടറി സ്പെഷല്‍ ബഡ്സ് സ്കൂളിലും പെര്‍ള എസ്എന്‍എച്ച്എസ് യൂണിറ്റ് നവജീവന സ്പെഷല്‍ സ്കൂളിലും കാറഡുക്ക ജിഎച്ച്എസ് യൂണിറ്റ് സ്നേഹ ബഡ്സ് സ്കൂളിലും പെര്‍ഡാല എന്‍എച്ച്എസ് യൂണിറ്റ് കാര്‍മല്‍ സ്പെഷല്‍ സ്കൂളിലും നീലേശ്വരം രാജാസ് എച്ച്എസ്എസ് യൂണിറ്റ് ചിറപ്പുറം പ്രത്യാശ ബഡ്സ് സ്കൂളിലും രാജപുരം ഹോളിഫാമിലി എച്ച്എസ് യൂണിറ്റ് ചുള്ളിക്കര സെന്റ് ജോസഫ് സ്പെഷല്‍ സ്കൂളിലും നായന്മാര്മൂല ടിഐഎച്ച്എസ് യൂണിറ്റ് ഹിദായത്ത് നഗര്‍ സ്പെഷല്‍ സ്കൂളിലും പെരിയ ജിഎച്ച്എസ് യുണിറ്റ് മഹാത്മ ബഡ്സ് സ്കൂളിലും പരപ്പ ജിഎച്ച്എസ് യൂണിറ്റ് ബിരിക്കുളം സാവി സ്നേഹാലയ സ്പെഷല്‍ സ്കൂളിലും ഐസിറ്റി ക്ലാസുകള്‍ കൈകാര്യം ചെയ്തു.