ബന്തടുക്ക-ചെറുപുഴ-മാനന്തവാടി റൂട്ടിൽ കെഎസ്ആർടിസി സർവീസ് തുടങ്ങി
1584402
Sunday, August 17, 2025 7:36 AM IST
വെള്ളരിക്കുണ്ട്: കെഎസ്ആർടിസിയുടെ മാനന്തവാടി ഡിപ്പോയിൽ നിന്ന് ബന്തടുക്ക-ചെറുപുഴ- മാനന്തവാടി റൂട്ടിൽ പുതിയ സർവീസ് ആരംഭിച്ചു. രാവിലെ ആറിന് ബന്തടുക്കയിൽ നിന്ന് പുറപ്പെട്ട് പടുപ്പ്, കരിവേടകം, മാലക്കല്ല്, ഒടയംചാൽ, പരപ്പ, വെള്ളരിക്കുണ്ട് വഴി 8.30 ന് ചെറുപുഴയിൽ എത്തും. ഒൻപതിന് ആലക്കോട് പിന്നിട്ട് ചെമ്പേരി, പയ്യാവൂർ വഴി 10.35 ന് ഇരിട്ടിയിലും 12.30 ന് മാനന്തവാടിയിലും എത്തിച്ചേരും.
ഉച്ചകഴിഞ്ഞ് 1.50 ന് മാനന്തവാടിയിൽ നിന്ന് പുറപ്പെട്ട് 4.25 ന് ഇരിട്ടിയിലും 6.40 ന് ചെറുപുഴയിലും രാത്രി 8.30 ന് ബന്തടുക്കയിലും എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് നിലവിലുള്ള എല്ലാ സർവീസുകളും കെഎസ്ആർടിസിക്ക് നല്ല വരുമാനം നേടിക്കൊടുക്കുന്നവയാണ്.
പുതുതായി സർവീസ് തുടങ്ങിയ ബസിലെ ജീവനക്കാർക്ക് ബന്തടുക്കയിലോ സമീപപ്രദേശങ്ങളിലോ താമസിക്കുന്നതിനായി അടുത്ത മൂന്ന് മാസത്തേക്കുള്ള മുറി വാടക തന്റെ ഓണറേറിയത്തിൽ നിന്നും നല്കുമെന്ന് കുറ്റിക്കോൽ പഞ്ചായത്തംഗം ജോസ് പാറത്തട്ടേൽ അറിയിച്ചു.
ബസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് മലയോര ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.വി. രാജു, കെഎസ്ആർടിസി ജീവനക്കാരുടെ സംഘടന നേതാവ് ഷാജി എന്നിവരുടെ ഇടപെടലും നിർണായകമായി. പുതുതായി സർവീസ് തുടങ്ങിയ ബസിന് മാലക്കല്ല്, പൂക്കയം, ചൊറക്കോട്, കരിവേടകം, പടുപ്പ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. കരിവേടകത്ത് നടന്ന സ്വീകരണത്തിന് കരിവേടകം പള്ളി വികാരി ഫാ. ജോർജ് വെള്ളരിങ്ങാട്ട്, രാജു കുന്നത്ത്, ബാബു കദളിമറ്റം, ബ്രില്യന്റ് ആലുങ്കൽ, ബി.സി. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.