ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരെയും അധ്യാപകരെയും അപകീര്‍ത്തിപ്പെടുത്തുന്ന ഉത്തരവ് പിന്‍വലിക്കണം: എഎച്ച്എസ്ടിഎ
1584498
Monday, August 18, 2025 12:22 AM IST
കാസര്‍ഗോഡ്: എറണാകുളം വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ക്ലാര്‍ക്ക്, ലൈബ്രേറിയന്‍, മീനിയല്‍ തസ്തികകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മാനേജര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശിച്ച നടപടികള്‍ നടപ്പിലാക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച ഉത്തരവില്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെയും അധ്യാപകരുടെയും ആത്മാഭിമാനം മുറിപ്പെടുത്തുന്ന പ്രസ്താവനകള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് ആരോപിച്ചു.
ഉത്തരവില്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ അധ്യാപനസമയം എട്ടു മണിക്കൂറായി കുറച്ചത് ക്ലറിക്കല്‍ ജോലിയും പരിഗണിച്ചാണെന്നുമാണ് പറയുന്നത്. അതോടൊപ്പം ശരാശരി രണ്ടുമണിക്കൂര്‍ മാത്രമേ പഠിപ്പിക്കുന്നുള്ളൂവെന്ന തെറ്റായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, അധ്യാപകര്‍ക്കു ലൈബ്രേറിയന്‍ ചുമതല നല്‍കണമെന്നും സര്‍ക്കാരിന്റെ ഉത്തരവ് നിര്‍ദേശിക്കുന്നു.
ഒരു ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ പ്രിന്‍സിപ്പല്‍ സ്ഥാപന മേധാവിയായ നിലയില്‍ പ്ലസ് വണ്‍ പ്രവേശനം മുതല്‍ പൊതു പരീക്ഷയുടെ നടത്തിപ്പ് വരെയുള്ള ഗൗരവമുള്ള ചുമതലകള്‍ ഏറ്റെടുത്ത് അധ്യാപനത്തോടൊപ്പം കൃത്യമായി നിര്‍വ്വഹിക്കേണ്ടതാണ്. അതിനാല്‍ ഓഫീസ് ക്ലര്‍ക്ക്, ലൈബ്രേറിയന്‍ എന്നീ തസ്തികകള്‍ സ്കൂളുകളില്‍ അനിവാര്യമാണ്. സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ച് സ്കൂള്‍ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ തന്നെ വിദ്യാഭ്യാസത്തിന്റെ ദൈനംദിന നടത്തിപ്പിനാവശ്യമായ അടിസ്ഥന ഭരണസംവിധാനങ്ങളെ അവഗണിക്കുന്നത് വലിയ വിരോധാഭാസമാണ്.
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാതെ പ്രിന്‍സിപ്പാള്‍മാരെയും അധ്യാപകരെയും അപമാനിക്കുന്ന രീതിയില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന സര്‍ക്കാര്‍ നയം അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ എഎച്ച്എസ്ടിഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി അസോസിയേഷന് പറഞ്ഞു.