ഉത്തരകേരളത്തിലെ വൈദ്യുതി വിതരണത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കും: മന്ത്രി കൃഷ്ണന്‍കുട്ടി
1584405
Sunday, August 17, 2025 7:36 AM IST
കാസർഗോഡ്: ഉഡുപ്പി-കരിന്തളം 400 കെവി ലൈന്‍ പൂര്‍ത്തിയാകുന്നതോടെ ഉത്തരകേരളത്തിലെ വൈദ്യുതിവിതരണത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് ആദ്യമായി നാലു മണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി നല്കാന് കഴിയുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം മയിലാട്ടിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയില്ലാത്ത ഈ പദ്ധതി 15 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ വൈദ്യുതിവിതരണ മേഖലയില്‍ 13015 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. ഈ കാലയളവിൽ സംസ്ഥാനത്ത് പവര്‍ കട്ടോ ലോഡ് ഷെഡിംഗോ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്കാവശ്യമായ വൈദ്യുതി സൗജന്യമായി ലഭിക്കുന്നതിനോടൊപ്പം മിച്ചമുള്ള വൈദ്യുതി ഗ്രിഡിലേക്ക് നല്കുന്നതുവഴി അധിക വരുമാനം ഉറപ്പ് വരുത്തുന്ന പിഎം കുസും പദ്ധതിയും സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നുണ്ട്. കര്‍ഷകർക്ക് മുതല്‍മുടക്കില്ലാതെ സൗജന്യമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാനത്തെ കാര്‍ഷികാവശ്യത്തിനുള്ള ഒരു ലക്ഷം പമ്പുകളുടെ സൗരോര്ജവത്കരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി സോളാര്‍ പ്ലാന്റ് നല്കി പ്രതിവര്‍ഷം 10,000 രൂപ വരെ വരുമാനം ഉറപ്പാക്കുന്ന ഹരിത ഊര്‍ജ വരുമാന പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ടെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.