വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണവുമായി ബളാൽ പഞ്ചായത്ത്
1585460
Thursday, August 21, 2025 7:25 AM IST
പരപ്പ: സ്കൂൾ കുട്ടികൾക്ക് പ്രഭാതഭക്ഷണം നല്കുന്ന പദ്ധതിയുമായി ബളാൽ പഞ്ചായത്ത്. പഞ്ചായത്തിലെ അഞ്ചു സർക്കാർ പ്രൈമറി സ്കൂളുകളിലെ 500 ഓളം കുട്ടികൾക്കാണ് ഇനി മുതൽ പ്രാതൽ ലഭിക്കുക.
ഒരു കുട്ടിക്ക് 30 രൂപ എന്ന കണക്കിൽ ഏഴരലക്ഷം രൂപയാണ് 2025-26 വാർഷികപദ്ധതിയിൽ പഞ്ചായത്ത് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. ജില്ലയിൽ ഇതാദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം എടത്തോട് ശാന്താ വേണുഗോപാൽ മെമ്മോറിയൽ സ്കൂളിൽ കുട്ടികൾക്ക് ഇഡലിയും സാമ്പാറും വിളമ്പി പ്രസിഡന്റ് രാജു കട്ടക്കയം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, സ്ഥിരംസമിതി അധ്യക്ഷരായ അലക്സ് നെടിയകാലയിൽ, ടി. അബ്ദുൾ ഖാദർ, മോൻസി ജോയ്, മെംബർമാരായ കെ.ആർ. വിനു, ജെസി ടോമി, ബിപിസി സി. ഷൈജു, പിടിഎ പ്രസിഡന്റ് കെ. വിജയൻ, എസ്എംസി ചെയർമാൻ രതീഷ് കുമാർ, മദർ പിടിഎ പ്രസിഡന്റ് ചിഞ്ചു ജിനീഷ്, മുഖ്യാധ്യാപകൻ പി.എം. ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
കനകപ്പള്ളി ഗവ. എൽപി സ് കൂൾ, പുഞ്ച ഗവ. എൽപി സ്കൂൾ, ചുള്ളി ഗവ. എൽപി സ്കൂൾ, കൊന്നക്കാട് ഗവ. എൽപി സ്കൂൾ എന്നിവിടങ്ങളിൽകൂടി പ്രഭാതഭക്ഷണവിതരണം അടുത്ത ദിവസം മുതൽ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു.