മഹാളിരോഗം വ്യാപകമാകുന്നു; കമുക് കര്‍ഷകര്‍ ദുരിതത്തിൽ
1584496
Monday, August 18, 2025 12:22 AM IST
ബന്തടുക്ക: മഹാളിരോഗം വ്യാപകമായതോടെ കമുക് കര്‍ഷകര്‍ ദുരിതത്തില്‍. കഴിഞ്ഞ മൂന്നു മാസങ്ങളായി പെയ്ത കനത്ത മഴയാണ് രോഗവ്യാപനത്തിനു ഇടയാക്കിയത്. കുറ്റിക്കോല്‍ പഞ്ചായത്തിലെ പാലാര്‍ മാണിമൂല, അഞ്ജനടുക്ക, ദര്ബഡുക്ക, കുറ്റിക്കോല്‍, അണ്ണപ്പാടി, ഓയോലം പുണ്യംകണ്ടം, കരുവിഞ്ചിയം തുടങ്ങിയ സ്ഥലങ്ങളിലെ കമുകിന് തോട്ടങ്ങളില്‍ രോഗബാധ രൂക്ഷമാണ്.
ഈ വര്‍ഷം കമുക് കര്‍ഷകര്‍ക്കു അനുകൂലമായ കാലാവസ്ഥയായിരുന്നു. മഴ കൃത്യമായി ലഭിച്ചത് മൂലം ഉത്പാദനം കൂടുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. എന്നാല്‍ കഴിഞ്ഞ മൂന്നു മാസമായി പെയ്യുന്ന കനത്ത മഴ കര്‍ഷകരുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുരോഗബാധയെ തുടര്‍ന്നു കമുകുകളില്‍ നിന്നു അടയ്ക്ക കൂട്ടത്തോടെ പൊഴിയാന്‍ തുടങ്ങി.
ഇതു കര്‍ഷകര്‍ക്കു കനത്ത തിരിച്ചടിയായി.ഒരു കിലോ അടയ്ക്കയ്ക്ക് ഇപ്പോള്‍ വിപണിയില്‍ നിന്നു ലഭിക്കുന്നത് 500 രൂപയില്‍ ഏറെയാണ്. ഈ സീസണിലും നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയവേയാണു ഇരുട്ടടിയായി മഴയുടെ വരവ്.
മഴ പെയ്യുന്ന സമയത്ത് മരുന്ന് തളിച്ചാലും കാര്യമായ പ്രയോജനം ഉണ്ടാവില്ലെന്നാണു കര്‍ഷകര്‍ പറയുന്നത്. കഴിഞ്ഞ സീസണില്‍ നല്ല വില ലഭിച്ചതിനാല്‍ റബറും മറ്റും മുറിച്ചുനീക്കി പുതുതായി ഒട്ടേറെ കര്‍ഷകരാണു കമുക് കൃഷിയിലേക്ക് തിരിഞ്ഞത്.
തുടര്‍ച്ചയായി പെയ്യുന്ന മഴ കമുകിന് തൈകള്‍ നട്ട കര്‍ഷകരെയും പ്രതിസന്ധിയിലാക്കി. കുഴികളില്‍ വെള്ളം കെട്ടിനിന്നു കമുകിന് തൈകള്‍ നശിക്കുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു.