കാർഷിക സംസ്കാരത്തിന്റെ കാവലാളുകളായി മൂന്നു വിദ്യാർഥികൾ
1584500
Monday, August 18, 2025 12:22 AM IST
ചിറ്റാരിക്കാൽ: പുതിയ കാലത്തിനൊപ്പം അപ്ഡേറ്റായി നിൽക്കുന്നതിനിടയിലും കാർഷികസംസ്കാരത്തെ വിടാതെ കാത്തുസൂക്ഷിച്ച് മൂന്നു വിദ്യാർഥികൾ.
തോമാപുരം സെന്റ് തോമസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥി അമൽ തോമസ്, പ്ലസ് വൺ വിദ്യാർഥി ആൽബർട്ട് ബിജു, സഹോദരൻ പത്താം ക്ലാസ് വിദ്യാർഥി ആന്റണി ബിജു എന്നിവർ ചേർന്ന് ഒരേക്കർ സ്ഥലത്ത് സ്വന്തമായി കൃഷി ചെയ്തത് അഞ്ഞൂറോളം മൂട് മരച്ചീനിയും 60 മൂട് ചേനയുമാണ്.
അയൽവാസികളായ ഇവർ കഴിഞ്ഞ മധ്യവേനലവധിക്കാലത്താണ് വെറുതേ മൊബൈലിൽ കളിച്ച് സമയം കളയുന്നതിനുപകരം നല്ലതായെന്തെങ്കിലും ചെയ്യണമെന്ന ചിന്തയോടെ തൂമ്പയെടുത്ത് കൃഷിയിടത്തിൽ ഇറങ്ങിയത്.
കർഷകദിനത്തിൽ ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഈ മാതൃകാ കുട്ടിക്കർഷകരെ ആദരിച്ചു. കാവുന്തലയിലെ വെട്ടിക്കാട്ട് ബിജു - ജീന ദമ്പതികളുടെ മക്കളാണ് ആൽബർട്ടും, ആന്റണിയും.
കാവുന്തലയിലെ തന്നെ കോട്ടയിൽ തോമസ് - ഡാലിയ ദമ്പതികളുടെ മകനാണ് അമൽ തോമസ്.