ഭാര്യയെ മുത്തലാഖ് ചൊല്ലിയ ഖത്തീബിനെതിരെ കേസെടുത്തു
1585451
Thursday, August 21, 2025 7:25 AM IST
കാസര്‍ഗോഡ്: ആവശ്യപ്പെട്ട സ്വര്‍ണം നല്‍കാത്തതിന് ഭാര്യയെ ശാരീരികമായി ഉപദ്രവിക്കുകയും മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയെന്നുമുള്ള പരാതിയില്‍ ഖത്തീബിനെതിരെ കേസെടുത്തു.
കുംബഡാജെ ബെളിഞ്ചയിലെ ഹദ്ദാദ് നഗര്‍ ജുമാമസ്ജിദിലെ ഖത്തീബ് (മുഖ്യപ്രഭാഷകന്‍) ഇബ്രാഹിം ബാദുഷക്കെതിരെയാണ് (31) ആദൂര്‍ പോലീസ് കേസെടുത്തത്. ഭാര്യ ദേലംപാടി അഡൂര്‍ സ്വദേശി എച്ച്. റാഫിദയുടെ (22) പരാതിയിലാണ് കേസ്.
കര്‍ണാടക ഈശ്വരമംഗല സ്വദേശിയായ ബാദുഷ 2023 മെയ് 18നാണ് റാഫിദയെ വിവാഹം കഴിക്കുന്നത്. വിവാഹസമയത്ത് റാഫിദയുടെ പിതാവ് എട്ടുപവന്‍ സ്വര്‍ണം നല്‍കിയിരുന്നു.
എന്നാല്‍ വൈകാതെ കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ട് ഭര്‍ത്താവ് തന്നെ ശാരീരികമായി ഉപദ്രവിക്കാനും അസഭ്യം പറയാനും തുടങ്ങിയെന്നും ഗര്‍ഭിണിയായിരുന്നപ്പോള്‍ ക്രൂരമായ പീഡനത്തിനിരയായെന്നും റാഫിദ പറയുന്നു. പ്രാണഭയത്താല്‍ രണ്ടുവയസുള്ള മകളെയും കൊണ്ട് അഡൂരിലെ സ്വന്തം വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.