കള്ളവോട്ട് ആരോപണം അടിസ്ഥാനരഹിതം: പ്രദീപ്കുമാര്‍
1584775
Tuesday, August 19, 2025 2:00 AM IST
കാഞ്ഞങ്ങാട്: കാലങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന കോടോം-ബേളൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് അംഗം ജയിച്ച വാര്‍ഡില്‍ ഒരേ വീട്ടില്‍ വ്യത്യസ്ത മത വിഭാഗത്തില്‍ പെട്ട ഒന്നിലധികം ആളുകളുടെ കള്ളവോട്ടുകള്‍ ചേര്‍ത്തു എന്നുള്ള ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഡിസിസി വൈസ്പ്രസിഡന്റ് ബി.പി. പ്രദീപ്കുമാര്‍.
ബിജെപി ഉന്നയിച്ചതും മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നതുമായ കോടോം-ബേളൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ വീട്ട് നമ്പര്‍ 352 ല്‍ വ്യത്യസ്ത മതത്തില്‍ പെട്ട 11 വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന കാര്യത്തില്‍ ഇതില്‍ പറഞ്ഞിട്ടുള്ള ക്രമ നമ്പര്‍ 132 ,137,139,142 എന്നിവര്‍ അതെ വീട്ടിലെ താമസക്കാരും, ക്രമ നമ്പര്‍ 133,134,136,138എന്നിവര്‍ സമീപത്തെ വീട്ടിലെ താമസക്കാരും, ക്രമ നമ്പര്‍ 135,140,141 എന്നിവര്‍ ഇതേ വാര്‍ഡിലെ ആനപ്പെട്ടി എന്ന സ്ഥലത്തെ താമസക്കാരുമാണ്.
ഇവരെല്ലാവരും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയം മുതല്‍ പട്ടികയില്‍ പേരുള്ള വോട്ടര്‍മാരാണ്. അല്ലാതെ പുതുതായി ചേര്ത്തവരല്ല. ഇത്തവണ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോള്‍ തന്നെ ഒരേ വീട്ടുനമ്പറില്‍ കുറേ പേരുടെ വോട്ട് കണ്ടെത്തുകയും അതു പഞ്ചായത്ത് അധികൃതരെ ധരിപ്പിക്കുകയും അന്തിമ വോട്ടര്‍ പട്ടിക പുറത്തിറങ്ങുമ്പോള്‍ അതു പരിഹരിക്കുമെന്ന് അവര്‍ ഉറപ്പു നല്‍കുകയും ചെയ്തതാണ്.
രാജ്യത്താകമാനം കള്ളവോട്ട് ചേര്‍ത്ത് അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാരിനെതിരെയും അതിനു കൂട്ടുനിന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളും രാഹുല്‍ ഗാന്ധി തുറന്നു കാണിച്ചപ്പോള്‍ ആ വലിയ കള്ളത്തരം മറച്ചുപിടിക്കാനാണ് ബിജെപിയുടെ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിനെതിരെ ഇത്തരം നുണപ്രചരണങ്ങളുമായി വരുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന് തികഞ്ഞ പരാജയമാണ് എന്ന വസ്തുത ഇവര്‍ തന്നെ അംഗീകരിക്കുന്നതിനു തുല്യമാണ് ഇവര്‍ തന്നെ ചൂണ്ടി കാണിച്ച ഈ തെറ്റുകള്‍.
കേരളത്തില്‍ ഇരട്ട വോട്ട് ചേര്‍ക്കുന്നതും കള്ള വോട്ട് ചെയ്യുന്നതും ബിജെപിയും സിപിഎമ്മുമാണ് എന്നുള്ളത് വസ്തുതയാണെന്നും അതു കോണ്‍ഗ്രസിന്റെ ചുമലില്‍ കെട്ടിവെക്കാന്‍ നോക്കണ്ടെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.