ദേശീയപാതയുടെ പാർശ്വഭിത്തി നിർമാണത്തിലും അപാകത
1585462
Thursday, August 21, 2025 7:25 AM IST
കാഞ്ഞങ്ങാട്: അശാസ്ത്രീയമായ നിർമാണരീതികൾ കൊണ്ട് ഏറെ പഴികേട്ട ദേശീയപാതയുടെ ചെങ്കള-നീലേശ്വരം റീച്ചിൽ ഡിവൈഡറിന്റെയും പാർശ്വഭിത്തികളുടെയും നിർമാണത്തിലും പരക്കേ അപാകതയെന്ന് ആക്ഷേപം.
മിക്കയിടങ്ങളിലും മൂന്ന് ഘട്ടങ്ങളിലായാണ് പാർശ്വഭിത്തി കോൺക്രീറ്റ് ചെയ്തത്. പല സ്ഥലങ്ങളിലും ഈ മൂന്ന് തട്ടുകളും ഒരേ നിരപ്പിലല്ല ഉള്ളതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
മാവുങ്കാലിൽ ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിനു മുന്നിൽ നിന്ന് ഏതാനും മീറ്റർ വടക്കുമാറിയുള്ള ഭാഗത്ത് പാർശ്വഭിത്തിയുടെ മുകൾഭാഗം പുറത്തേക്ക് തള്ളിനിൽക്കുന്ന വിധത്തിലാണ്. പാർശ്വഭിത്തിയുടെ താഴത്തെ തട്ടും ഏറ്റവും മുകളിലത്തെ തട്ടും തമ്മിൽ 30 സെന്റിമീറ്ററോളം ചരിവ് ഉണ്ടായിട്ടുണ്ട്.
താഴത്തെ തട്ട് സർവീസ് റോഡിലേക്ക് നീങ്ങിനിൽക്കുകയാണ്. ഇതോടെ സർവീസ് റോഡിന്റെ വീതി പിന്നെയും കുറയുന്ന അവസ്ഥയായി.
പാർശ്വഭിത്തികളുടെ കോൺക്രീറ്റിംഗ് നടന്നത് പല ഘട്ടങ്ങളിലായതിനാൽ ചില ഭാഗങ്ങൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നുണ്ട്. കമ്പികൾ പുറത്തേക്കു തള്ളി പാർശ്വഭിത്തി അപൂർണമായി കിടക്കുന്ന കാഴ്ച പലേടത്തും കാണാം. പാർശ്വഭിത്തിയുടെ കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളോ കമ്പികളോ പുറത്തേക്ക് തള്ളിനിൽക്കുമ്പോൾ വാഹനങ്ങൾ അതിൽതട്ടി അപകടങ്ങളുണ്ടാകാനും സാധ്യതയേറെയാണ്.
പ്രവൃത്തികൾ പൂർത്തിയാകുമ്പോഴേക്കും ഇതെല്ലാം സിമന്റ് പൂശി നിരപ്പാക്കുമെന്നാണ് നിർമാണ കരാറുകാരുടെ നിലപാട്. പക്ഷേ ഇപ്പോഴും ഇതുവഴി വാഹനഗതാഗതം നടക്കുന്നതിനാൽ അപകടസാധ്യത ഒഴിവാക്കാൻ എത്രയും പെട്ടെന്ന് വേണ്ടതു ചെയ്യണമെന്നാണ് നാട്ടുകാർ പറയുന്നത്.