വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ച പോക്സോ കേസ് പ്രതിയെ അയോധ്യയില്‍നിന്ന് പിടികൂടി
1585453
Thursday, August 21, 2025 7:25 AM IST
കാസര്‍ഗോഡ്: പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി വിദേശത്തേയ്ക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ അയോധ്യ വിമാനത്താവളത്തില്‍ പിടിയിലായി.
ചെമ്മനാട് പെരുമ്പള സ്വദേശി പി. അബ്ദുള്‍ ഹാരിസ് (41) ആണ് അറസ്റ്റിലായത്. 29നാണ് കേസിനാസ്പദമായ സംഭവം. മേല്‍പറമ്പ് പോലീസ് സ്റ്റേഷന് പരിധിയിലാണ് പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.
പോക്സോ നിയമപ്രകാരം കേസെടുത്തതിനെതുടര്‍ന്ന് പ്രതി നാടുവിടുകയായിരുന്നു. പ്രതി വിദേശത്തേയ്ക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഇതിനിടെയാണ് വിദേശത്തേയ്ക്ക് കടക്കാനായി ഹാരിസ് അയോധ്യ വിമാനത്താവളത്തിലെത്തിയത്.
പ്രതിയെ തിരിച്ചറിഞ്ഞ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ച് കേരള പോലീസിനെ വിവരമറിയിച്ചു. കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വെയ്ക്കാന്‍ സാധിക്കില്ലെന്നും എത്രയും വേഗത്തില്‍ ഏറ്റുവാങ്ങണമെന്നും അധികൃതര്‍ അറിയിച്ചു.
ഇതേത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ബി.വി. വിജയ്ഭാരത് റെഡ്ഡി ഇടപെട്ട് ഫ്ളൈറ്റ് ടിക്കറ്റ് ഏര്‍പ്പാടാക്കി. കാസര്‍ഗോഡ് എഎസ്പി പി. നന്ദഗോപന്റെ ഐപിഎസ് ബാച്ച്മേറ്റായ അയോധ്യ എഎസ്പിയും സഹായവുമായി രംഗത്തെത്തി.
മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍ എ. സന്തോഷ്കുമാര്‍ അയോധ്യയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും കാസര്‍ഗോഡേക്ക് കൊണ്ടുവരികയും ചെയ്തു.