കർഷകസ്വരാജ് സത്യഗ്രഹത്തിന് ആവേശോജ്വല തുടക്കം
1584407
Sunday, August 17, 2025 7:36 AM IST
വെള്ളരിക്കുണ്ട്: കൃഷിയിടങ്ങളിലെ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് വെള്ളരിക്കുണ്ടിൽ അനിശ്ചിതകാല കർഷകസ്വരാജ് സത്യഗ്രഹത്തിന് തുടക്കമായി. ആദ്യഘട്ടത്തിൽ എല്ലാ ദിവസവും വൈകുന്നേരം നാലു മുതൽ ആറു വരെ സായാഹ്ന സത്യഗ്രഹം നടക്കും.
വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡിൽ നിന്ന് നൂറുകണക്കിന് കർഷകർ പങ്കെടുത്ത പ്രകടനത്തോടെയാണ് സത്യഗ്രഹത്തിന് തുടക്കംകുറിച്ചത്.
അടുത്ത കാലത്ത് വെള്ളരിക്കുണ്ടിലും സമീപപ്രദേശങ്ങളിലും വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ട ജോയിച്ചൻ കൊച്ചുമറ്റം, ജോസ് മാടത്താനി, വെള്ളൻ താഴത്തുവീട്ടിൽ, കൊടക്കൽ കൃഷ്ണൻ എന്നിവരുടെ ഛായാചിത്രങ്ങളുമായാണ് പ്രകടനം നടന്നത്.
ഛായാചിത്രങ്ങൾ സമരപ്പന്തലിൽ സ്ഥാപിച്ച് ബന്ധുക്കളും സമരസമിതി നേതാക്കളും പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് സത്യഗ്രഹം ഉദ്ഘാടനം ചെയ്തത്. റിട്ട. ഐജി കെ.വി. മധുസൂദനൻ സമര പതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.
വന്യജീവികൾ ജനവാസകേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം വനം വകുപ്പിനാണെന്ന് ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിച്ച സാമൂഹ്യപ്രവർത്തകൻ സി.ആർ. നീലകണ്ഠൻ പറഞ്ഞു.
നീണ്ടുനിൽക്കുന്ന പ്രക്ഷോഭങ്ങളിലൂടെ മാത്രമേ കർഷകർക്ക് ഇനി പിടിച്ചു നിൽക്കാനാവുകയുള്ളൂവെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോ-ഓർഡിനേറ്റർ കെ.വി. ബിജു പറഞ്ഞു. ഇന്ത്യ അമേരിക്കയുമായി സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പിടാത്തത് ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിൽ നിന്ന് പാഠം പഠിച്ചതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
അമ്പലത്തറ കുഞ്ഞികൃഷ്ണൻ, എസ്. മോഹൻ, സൂര്യനാരായണ ഭട്ട്, റവ.ഡോ. ജോൺസൺ അന്ത്യാംകുളം, ടി.പി. തമ്പാൻ, കൂക്കൾ ബാലകൃഷ്ണൻ, കെ.വി. കൃഷ്ണൻ എന്നിവർ സത്യഗ്രഹത്തിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് സംസാരിച്ചു. സണ്ണി പൈകട സ്വാഗതവും ബേബി ചെമ്പരത്തി നന്ദിയും പറഞ്ഞു.