പരപ്പ ബ്ലോക്കിൽ പാലാഴി പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്
1584501
Monday, August 18, 2025 12:22 AM IST
പരപ്പ: ബ്ലോക്കിലെ ക്ഷീരമേഖലയുടെ സമഗ്ര വികസനത്തിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പാലാഴി പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖർ നിർവഹിക്കും. ക്ഷീരമേഖലയിലെ പ്രതിസന്ധികളെ മറികടന്ന് ക്ഷീരകര്‍ഷകരുടെ വരുമാനവും പാലുത്പാദനവും വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ കന്നുകാലികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട അടിസ്ഥാന രേഖ തയ്യാറാക്കുകയാണ് പദ്ധതിയുടെ ആദ്യ ലക്ഷ്യം. ഇതിന്റെ ഭാഗമായി ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളില്‍ നിന്നായി കന്നുകാലികളുടെ പാല്, രക്തം, ചാണകം തുടങ്ങിയവ ശേഖരിച്ച് നടത്തുന്ന സമഗ്ര ആരോഗ്യസര്‍വേക്ക് നാളെ തുടക്കമാവും.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സര്‍വേയുടെ ഭാഗമായി മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബ്ലോക്കിലെ 41 ക്ഷീരസംഘങ്ങള്‍ കേന്ദ്രീകരിച്ച് സാമ്പിളുകള്‍ ശേഖരിക്കും. ഈ സാമ്പിളുകളുടെ പരിശോധനയ്ക്കായി പരപ്പയില്‍ താത്കാലിക ലബോറട്ടറി സംവിധാനം ഒരുക്കും. സാമ്പിളുകള്‍ക്കൊപ്പം കര്‍ഷകരുടെ സാമൂഹ്യ സാമ്പത്തിക വിവരങ്ങളും സമാഹരിക്കും.
പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തില്‍ കന്നുകാലികളുടെ ആരോഗ്യനില മെച്ചപ്പെടുത്താനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും സഹായകമാകുന്ന ധാതുലവണമിശ്രിതം വികസിപ്പിച്ച് കര്‍ഷകര്‍ക്ക് ലഭ്യമാക്കും.
കൃത്രിമ ബീജാധാനത്തിലൂടെ പിറക്കുന്നത് പെണ്‍കിടാക്കള്‍ തന്നെയാണെന്ന് ഉറപ്പാക്കുന്ന തരത്തിൽ ലിംഗനിര്‍ണയം നടത്തിയ ബീജമാത്ര ബ്ലോക്കിലെ ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ ലഭ്യമാക്കും. ഇവയുടെ കാര്യക്ഷമമായ വിതരണവും ഉപയോഗവും ഉറപ്പുവരുത്തുന്നതിനായുള്ള സാങ്കേതിക ക്രമീകരണങ്ങള്‍ മൃഗാശുപത്രികളും വെറ്ററിനറി ഉപകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് സജ്ജമാക്കും.
കര്‍ഷകരുടെ പുരയിടത്തില്‍ തന്നെ തീറ്റപ്പുല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മൈക്രോ ലെവല്‍ ഫോഡര്‍ പ്ലാനും ക്ഷീരസംഘങ്ങള്‍ കേന്ദ്രീകരിച്ച് തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിച്ച് ഫോഡര്‍ ബാങ്കുകള്‍ രൂപീകരിക്കുന്നതിനായി മാക്രോ ലെവല്‍ ഫോഡര്‍ പ്ലാനും തയ്യാറാക്കും. ഒരു വര്‍ഷം നീണ്ടുനിൽക്കുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബര്‍ 13 ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും.