പൂരക്കളി കലാകാരന്മാരുടെ സംഘടനയിൽ ഭിന്നത; പുതിയ സംഘടനയുടെ കൺവൻഷൻ 24ന്
1585597
Friday, August 22, 2025 12:38 AM IST
ചെറുവത്തൂർ: ഉത്തരകേരളത്തിലെ പൂരക്കളി കലാകാരന്മാരുടെ കൂട്ടായ്മയായി രൂപംകൊണ്ട സംഘടനയിൽ ഭിന്നത. കേരള പൂരക്കളി കലാ അക്കാദമി എന്ന പേരിലുണ്ടായിരുന്ന സംഘടനയുടെ പേര് പൂരക്കളി കലാ അസോസിയേഷൻ എന്നാക്കി മാറ്റിയതിനു പിന്നാലെ ക്ഷേത്ര പൂരക്കളി കലാ അക്കാദമി എന്ന പേരിൽ പുതിയ സംഘടന രൂപീകരിക്കാൻ ഒരു വിഭാഗം കലാകാരന്മാർ തീരുമാനിച്ചു. പുതിയ സംഘടനയുടെ പ്രഥമ കൺവൻഷൻ 24ന് ഉച്ചയ്ക്ക് രണ്ടിന് നെല്ലിക്കാതുരുത്തി നിലമംഗലത്ത് ഭഗവതി ക്ഷേത്ര പരിസരത്ത് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നായി 250 പ്രതിനിധികളും ക്ഷേത്ര സ്ഥാനികരും പൂരക്കളി, മറത്തുകളി മേഖലയിലെ പ്രമുഖരും കൺവൻഷനിൽ പങ്കെടുക്കും. രാഷ്ട്രീയത്തിനതീതമായി പൂരക്കളി രംഗത്തുള്ള മുഴുവൻ സമുദായ പ്രതിനിധികളെയും ഉൾക്കൊണ്ടു കൊണ്ടായിരിക്കും സംഘടന പ്രവർത്തിക്കുകയെന്നും ഭാരവാഹികൾ അറിയിച്ചു.
1994 ലാണ് കേരള പൂരക്കളി കലാ അക്കാദമി എന്ന സംഘടന രൂപം കൊണ്ടത്. അടുത്തിടെ സംഘടനയിലുണ്ടായ ചില ഭിന്നതകളെ തുടർന്ന് ടി.ഐ. മധുസൂദനൻ എംഎൽഎയുടെ മധ്യസ്ഥതയിൽ സമവായ ചർച്ചകൾ നടത്തിയിരുന്നു. പിന്നീട് കഴിഞ്ഞ ജുലൈയിൽ കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്നിൽ നടത്തിയ സംസ്ഥാന സമ്മേളനം മേഖല, ജില്ലാ ഭാരവാഹികളടക്കമുള്ള ഒരു വിഭാഗത്തെ പൂർണമായും ഒഴിവാക്കുന്ന നിലയിലെത്തുകയായിരുന്നു.
ഈ സമ്മേളനത്തിൽ ടി.ഐ. മധുസൂദനനെ തന്നെ ചെയർമാനായും മടിക്കൈ ഗോപാലകൃഷ്ണ പണിക്കരെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കുകയായിരുന്നു. സംഘടനയുടെ പേര് പൂരക്കളി കലാ അസോസിയേഷൻ എന്നാക്കി മാറ്റുകയും ചെയ്തു. ഇതെല്ലാം സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും അതിനാലാണ് തങ്ങൾ പുതിയ സംഘടനക്ക് രൂപം നൽകിയതെന്നും വിഘടിത വിഭാഗം ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ പുതിയ സംഘടനയുടെ ചെയർമാൻ കാട്ടാമ്പള്ളി നാരായണൻ, കൺവീനർ പി.കെ. നാരായണൻ, പിലാക്കാൽ അശോകൻ, എം.വി. സുരേന്ദ്രൻ പിലിക്കോട്, ബാലൻ പാലായി, എൻ.ടി. ചന്ദ്രൻ കുറ്റിക്കോൽ, എം. രഘുനാഥൻ, സുധാകരൻ പള്ളിക്കര എന്നിവർ പങ്കെടുത്തു.