കാറഡുക്ക വനത്തിൽ ബോക്സൈറ്റ് ഖനന നീക്കങ്ങൾക്ക് ശരവേഗം
1585882
Saturday, August 23, 2025 1:13 AM IST
കാസർഗോഡ്: മലയോര ഹൈവേ നിർമാണം മുതൽ വന്യജീവി നിയന്ത്രണം വരെയുള്ള വിഷയങ്ങളിൽ സാങ്കേതിക തടസങ്ങൾ പറഞ്ഞ് കുരുക്കിടുന്ന കേന്ദ്ര വനനിയമം സർക്കാരിനും വൻകിട സ്വകാര്യ ഖനന കമ്പനികൾക്കും ശതകോടികൾ കിട്ടുന്ന ബോക്സൈറ്റ് ഖനനത്തിന്റെ കാര്യം വരുമ്പോൾ എളുപ്പത്തിൽ വഴിമാറുന്നു. കാറഡുക്ക സംരക്ഷിത വനമേഖലയിലും സമീപപ്രദേശങ്ങളിലുമായി ബോക്സൈറ്റ് നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയ മൂന്ന് ബ്ലോക്കുകളിൽ എത്രയും പെട്ടെന്ന് ഖനനം തുടങ്ങുന്നതിനുള്ള ലേല നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര ഖനി മന്ത്രാലയം സംസ്ഥാന സർക്കാരിന് നിർദേശം നൽകി.
ലേലനടപടികൾ തുടങ്ങുന്നതിന്റെ ഭാഗമായി സംസ്ഥാനസർക്കാർ എസ്ബിഐ കാപ്പിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡിനെ (എസ്ബിഐ കാപ്സ്) ട്രാൻസാക്ഷൻ ഉപദേശകരായി നിയോഗിച്ചു. ലേലനടപടികളുടെ മേൽനോട്ടത്തിനായി ഉന്നതതല നിരീക്ഷണസമിതിക്കും രൂപം നൽകിയിട്ടുണ്ട്.
ചീഫ് സെക്രട്ടറി ചെയർമാനായ സമിതിയുടെ കൺവീനർ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്. ധന അഡീ. ചീഫ് സെക്രട്ടറി, റവന്യൂ, പരിസ്ഥിതി വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ, വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, ജിഎസ്ഐ കേരള യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ എന്നിവരാണ് അംഗങ്ങൾ.
കാറഡുക്ക-നാർളം-വണ്ണാച്ചെടവ് പയ്യനടുക്കം മുതൽ കൊട്ടംകുഴി കല്ലളിപ്പാറ വരെ എട്ട് ചതുരശ്ര കിലോമീറ്റർ മേഖലയിൽ ഖനനം നടത്താമെന്നാണ് പ്രാഥമിക സർവേയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെയും സർവേ നടപടികളും ശരവേഗത്തിൽ പൂർത്തിയായിരുന്നു. ഖനനം തുടങ്ങാനുദ്ദേശിക്കുന്ന ഭാഗങ്ങളുടെ അതിർത്തികൾ കോൺക്രീറ്റ് ചെയ്ത് അടയാളപ്പെടുത്തുന്ന പ്രവൃത്തിയും കഴിഞ്ഞ ദിവസം പൂർത്തിയായി.
പൂർണമായും കാറഡുക്ക സംരക്ഷിത വനമേഖലയിൽപ്പെട്ട നാർളം ബ്ലോക്കാണ് ആദ്യം ലേലം ചെയ്യുക. ജനവാസകേന്ദ്രങ്ങൾ കൂടി ഉൾപ്പെട്ട ഉക്കിനടുക്ക, കരിയത്ത് ബ്ലോക്കുകൾ ബന്ധപ്പെട്ട സ്ഥലങ്ങൾ കൂടി ഏറ്റെടുത്തതിനു ശേഷം അടുത്ത ഘട്ടത്തിൽ ലേലം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
വനമേഖലയിൽ അഞ്ച് മീറ്റർ വരെ ആഴത്തിൽ ഖനനം നടത്തി ധാതുക്കൾ വേർതിരചെടുത്തതിനു ശേഷം വീണ്ടും മണ്ണ് നിക്ഷേപിച്ച് ഈ സ്ഥലങ്ങൾ പഴയപടിയാക്കുമെന്നാണ് അധികൃതരുടെ അവകാശവാദം. അതുകൊണ്ടുതന്നെ മലയോരഹൈവേയുടെ കാര്യത്തലേതുപോലെ വനംവകുപ്പിന് പകരം ഭൂമി വിട്ടുകൊടുക്കുകയോ നഷ്ടപരിഹാരത്തുക നൽകുകയോ ചെയ്യുന്നില്ല.
എന്നാൽ കൂറ്റൻ മണ്ണുമാന്തിയന്ത്രങ്ങളുപയോഗിച്ച് വനഭൂമി ഇളക്കിമറിച്ച് അതിലെ മരങ്ങളും ജൈവസമ്പത്തുകളുമെല്ലാം നശിപ്പിച്ചതിനു ശേഷം വീണ്ടും മണ്ണിട്ടുനികത്തുന്നതുകൊണ്ട് എന്ത് പ്രയോജനമാണെന്ന് വ്യക്തമല്ല. ഖനനത്തിനാവശ്യമായ യന്ത്രസാമഗ്രികളും അതുമൂലമുണ്ടാകുന്ന വലിയ ശബ്ദവും പൊടിപടലങ്ങളും നിരന്തരമായ വാഹനഗതാഗതവും മൂലം അവശേഷിക്കുന്ന വനഭൂമി പോലും ഏറെക്കുറെ ഇല്ലാതാകുമെന്ന കാര്യം ഉറപ്പാണ്.
അഞ്ചു മീറ്റർ ആഴത്തിൽ മാത്രമേ ഖനനം നടത്താൻ പാടുള്ളൂവെന്നും ഖനനം കഴിഞ്ഞാലുടൻ അതത് സ്ഥലങ്ങൾ മണ്ണിട്ട് നികത്തി പഴയപടിയാക്കണമെന്നുമുള്ള വ്യവസ്ഥകളെല്ലാം കരാറെടുക്കുന്ന സ്വകാര്യ കമ്പനികൾ കൃത്യമായി പാലിക്കുമെന്ന് ഉറപ്പുപറയാനും കഴിയില്ല.
കാറഡുക്ക വനമേഖലയിൽ നിന്ന് ആനയും പുലിയുമടക്കമുള്ള വന്യമൃഗങ്ങൾ ഇപ്പോൾതന്നെ ചുറ്റുപാടുമുള്ള ജനവാസകേന്ദ്രങ്ങളിലിറങ്ങുന്നുണ്ട്. വനമേഖലയിൽ ശബ്ദവും പൊടിയുമെല്ലാം നിറഞ്ഞാൽ അത് ഇനിയും വർധിക്കുമെന്ന ആശങ്കയും സമീപവാസികൾക്കുണ്ട്.