കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാൻഡ് ഓണക്കാലത്ത് തുറന്നേക്കും
1585593
Friday, August 22, 2025 12:38 AM IST
കാഞ്ഞങ്ങാട്: ആറുമാസത്തോളമായി അടച്ചിട്ടിരിക്കുന്ന കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാൻഡ് യാർഡിലെ കോൺക്രീറ്റിംഗ് ജോലികൾ അവസാനഘട്ടത്തിൽ. എട്ടിഞ്ചോളം കനത്തിലാണ് യാർഡ് കോൺക്രീറ്റ് ചെയ്യുന്നത്. അവസാനഘട്ട പ്രവൃത്തികളുമായി ബന്ധപ്പെട്ട് ബസ്സ്റ്റാൻഡിന്റെ ഒരു വശത്തുകൂടിയുള്ള സർവീസ് റോഡ് ഇന്നുമുതൽ അടച്ചിടും. പ്രവൃത്തികൾ പൂർത്തിയാക്കി വരുന്ന ഓണക്കാലത്തുതന്നെ ബസ്സ്റ്റാൻഡ് തുറന്നുകൊടുക്കാനാണ് സാധ്യത.
ബസ് സ്റ്റാൻഡ് അടച്ചിട്ടതുമൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഇരിയ സ്വദേശി നവീൻരാജ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതിക്കുള്ള മറുപടിയിൽ സെപ്റ്റംബർ ആറിനകം പ്രവൃത്തികൾ പൂർത്തിയാക്കി ബസ് സ്റ്റാൻഡ് തുറക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചിരുന്നു. തിരുവോണം വരുന്നത് സെപ്റ്റംബർ അഞ്ചിനാണ്. പ്രവൃത്തികൾ അല്പംകൂടി വേഗത്തിലാക്കിയാൽ അതിനു മുമ്പേ തന്നെ ബസ്സ്റ്റാൻഡ് തുറന്നുകൊടുക്കാനാകുമെന്നാണ് സൂചന.
ബസ്സ്റ്റാൻഡ് അടച്ചിട്ടതുമുതൽ നഗരത്തിൽ നിന്ന് തെക്കുഭാഗത്തേക്കുള്ള ബസുകളെല്ലാം ബസ്സ്റ്റാൻഡ് കെട്ടിടത്തിനു മുന്നിൽ അങ്ങിങ്ങായി നിർത്തിയാണ് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്.
ബസുകളുടെയും അതിനിടയിലെ യാത്രക്കാരുടെയും തിരക്കുമൂലം ഇവിടെ പതിവായി ഗതാഗതക്കുരുക്കാണ്. വരുന്ന ആഴ്ചയോടെ ഓണത്തിരക്ക് കൂടി തുടങ്ങുമ്പോൾ നഗരകേന്ദ്രം അക്ഷരാർഥത്തിൽ വീർപ്പുമുട്ടുമെന്ന കാര്യം ഉറപ്പാണ്. അവസാനഘട്ട മിനുക്കുപണികൾ ബാക്കിയായാലും അതിനുമുമ്പ് ബസ് സ്റ്റാൻഡ് തുറന്നാൽ ഈ തിരക്കിന് ചെറിയൊരാശ്വാസം കിട്ടുമെന്നാണ് പ്രതീക്ഷ. മിനുക്കുപണികൾ പൂർത്തിയാക്കാനായി ഓണം കഴിഞ്ഞതിനുശേഷം വീണ്ടും ഏതാനും ദിവസം അടച്ചിട്ടാലും പ്രശ്നമുണ്ടാവില്ലെന്ന് ബസ് ജീവനക്കാരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.
ഓണത്തോടനുബന്ധിച്ച് നഗരത്തിൽ
വഴിയോര കച്ചവടം നിയന്ത്രിക്കും
കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ ഓണക്കാലത്ത് വഴിയോര കച്ചവടങ്ങള്‍ നിയന്ത്രിക്കാൻ നഗരസഭ വഴിയോരക്കച്ചവട സമിതി യോഗം തീരുമനിച്ചു.
പൂവ് വില്പന അലാമിപ്പള്ളിയിലെ പുതിയ ബസ്സ്റ്റാന്‍ഡില്‍ മാത്രം അനുവദിക്കും. മറ്റു വഴിയോര കച്ചവടങ്ങള്‍ ടിബി റോഡിനോടു ചേർന്ന് മാത്രമായി പരിമിതപ്പെടുത്തും. കച്ചവടം നടത്തുന്നതിന് നഗരസഭയില്‍ മുന്‍കൂട്ടി അപേക്ഷ നല്കി തറവാടക നൽകണം. അല്ലാതെയുള്ള അനധികൃത കച്ചവടങ്ങള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും.
നഗരസഭ പരിധിയില്‍ അനധികൃതമായി നടത്തപ്പെടുന്ന മത്സ്യക്കച്ചവടവും നിയന്ത്രിക്കും. കടയുടമകൾ നടപ്പാത കൈയേറുന്നത് തടയാൻ പരിശോധന നടത്തും. സ്കൂള്‍ പരിസരങ്ങളിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന തടയാൻ പരിശോധന ശക്തമാക്കാനും നഗരസഭാധ്യക്ഷ കെ.വി. സുജാതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.