മുളിയാർ എബിസി കേന്ദ്രത്തിൽ നായകളുടെ വന്ധ്യകരണ പ്രവർത്തനം ആരംഭിച്ചു
1586260
Sunday, August 24, 2025 7:01 AM IST
മുളിയാർ: ജില്ലയിലെ തെരുവുനായ നിയന്ത്രണത്തിനായി മുളിയാറിൽ തുടങ്ങിയ എബിസി കേന്ദ്രത്തിൽ നായകളുടെ വന്ധ്യകരണ പ്രവർത്തനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ മുളിയാർ, പുല്ലൂർ-പെരിയ, മധൂർ, മടിക്കൈ എന്നീ പഞ്ചായത്തുകളിൽ നിന്നാണ് നായകളെ പിടികൂടി ഇവിടെയെത്തിക്കുന്നത്.
പെരിയ കേന്ദ്ര സർവകലശാല ക്യാമ്പസിൽ നിന്ന് ഇന്നലെ ഒൻപത് നായകളെ പിടികൂടി വന്ധ്യംകരണത്തിനായി മുളിയാർ കേന്ദ്രത്തിൽ എത്തിച്ചതായി മൃഗസംരക്ഷണ വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ ഡോ.എൻ.കെ. സന്തോഷ് കുമാർ അറിയിച്ചു.
സർവകലാശാല അധികൃതരുടെയും വിദ്യാർഥികളുടെയും വ്യാപകമായ പരാതിയെ തുടർന്നാണ് നായപിടിത്തം ആദ്യമായി ഇവിടെ നിന്നാരംഭിച്ചത്.
കഴിഞ്ഞ മേയ് 19 നാണ് മുളിയാറിലെ എബിസി കേന്ദ്രം ഉദ്ഘാടനം ചെയ്തത്. എന്നാൽ പ്രവർത്തനം തുടങ്ങുന്നതിനായി കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ അനുമതി ലഭിച്ചത് കഴിഞ്ഞ ദിവസമാണ്.
ജനറൽ അനസ്തേഷ്യ പ്രോട്ടോകോൾ ഉപയോഗിച്ചുകൊണ്ടാണ് ഇവിടെ നായകൾക്ക് വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്തുന്നത്. തുടര്‍ന്ന് പെണ്‍നായകളെ അഞ്ചുദിവസവും ആണ്‍നായകളെ നാല് ദിവസവും ആന്റിബയോട്ടിക്കുകള്‍ നല്കി നിരീക്ഷണത്തില്‍ വച്ചതിന് ശേഷം തിരികെ വിടും.