ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ തീവ്ര കര്‍മപരിപാടിയുമായി ഹരിതകേരളം മിഷൻ
1585884
Saturday, August 23, 2025 1:13 AM IST
കാസർഗോഡ്: അമീബിക് മസ്തിഷ്കജ്വരം പോലെയുള്ള മാരക രോഗങ്ങള്‍ പടരുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംസ്ഥാന വ്യാപകമായി ജലമാണ് ജീവന് എന്ന പേരില്‍ തീവ്ര കര്‍മപരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ആദ്യഘട്ടമായി ഈമാസം 30, 31 തീയതികളില്‍ സംസ്ഥാനത്തെ എല്ലാ കിണറുകളിലും ക്ലോറിനേഷന് നടത്തും.
സെപ്റ്റംബര്‍ എട്ട് മുതല്‍ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്കൂളുകള്‍ വഴിയുള്ള ബോധവത്കരണവും ഹയര്‍ സെക്കൻഡറി സ്കൂളുകളിൽ സമീപപ്രദേശങ്ങളിലെ ജല ഗുണനിലവാര പരിശോധനയും അതിന്റെ ഫലത്തെ അടിസ്ഥാനമാക്കിയുള്ള പരിഹാര പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. ജനകീയ പങ്കാളിത്തത്തോടെ മുഴുവന്‍ കുളങ്ങളിലും ജലസ്രോതസുകളിലും ശുചീകരണം നടത്തും. ഇതിനാവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍ ഗുളികകള്‍ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കും.