ഓണത്തിരക്ക് തുടങ്ങുന്നു; സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകൾ നാളെമുതൽ
1586259
Sunday, August 24, 2025 7:01 AM IST
കാസർഗോഡ്: ഓണക്കാല വില്പനയുടെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ഓണച്ചന്തകളൊരുക്കാന് സപ്ലൈകോ. പതിമൂന്ന് സബ്സിഡി സാധനങ്ങളും താരതമ്യേന വിലക്കുറവിൽ മറ്റ് ആവശ്യ സാധനങ്ങളുമടങ്ങുന്ന സപ്ലൈകോയുടെ വാഹനം നാളെ മുതല്‍ പ്രയാണമാരംഭിക്കും.
കാസര്‍ഗോഡ് ഡിപ്പോ പരിധിയിൽ മേല്‍പ്പറമ്പ്, മാങ്ങാട്, പെർമുദെ, ഉപ്പള, പൈക്ക, നീര്ച്ചാൽ, പൊയിനാച്ചി എന്നിവിടങ്ങളിലും കാഞ്ഞങ്ങാട് ഡിപ്പോ പരിധിയിൽ രാവണേശ്വരം, വേലാശ്വരം, കയ്യൂര്‍, ചാനടുക്കം, അമ്പലത്തുകര, കാഞ്ഞിരപ്പൊയില്‍, തൈക്കടപ്പുറം, അഴിത്തല എന്നിവിടങ്ങളിലും ഈ മാസം 26 മുതല്‍ സെപ്റ്റംബര്‍ നാലുവരെ തീയതികളിലായി സപ്ലൈകോയുടെ വാഹനമെത്തും.
പൊതുവിപണിയില്‍ ലിറ്ററിന് 529 രൂപയോളം വിലയുള്ള വെളിച്ചെണ്ണ സബ്സിഡിയില്‍ 349 രൂപയ്ക്കും സബ്സിഡി ഇല്ലാതെ 429 രൂപയ്ക്കും സപ്ലൈകോ വില്പനകേന്ദ്രങ്ങളിലും സഞ്ചരിക്കുന്ന ഓണച്ചന്തയിലും ലഭ്യമാകും. സപ്ലൈകോയുടെ പുതിയ ഉത്പന്നങ്ങളായ ശബരി പഞ്ചസാര, പായസം മിക്സ്, പാലക്കാടന്‍ മട്ട അരി, ഉപ്പ്, പുട്ട് പൊടി, അപ്പം പൊടി എന്നിവയും വില്പനയ്ക്കെത്തും.
18 ഉത്പന്നങ്ങള്‍ അടങ്ങിയ 1225 രൂപ വിലമതിക്കുന്ന സമൃദ്ധി കിറ്റ് 1000 രൂപയ്ക്കും 10 ഉത്പന്നങ്ങള്‍ അടങ്ങിയ 625 രൂപ വിലമതിക്കുന്ന മിനി സമൃദ്ധി കിറ്റുകള്‍ 500 രൂപയ്ക്കും ഒൻപത് ഉത്പന്നങ്ങള്‍ അടങ്ങിയ 305 രൂപ വിലമതിക്കുന്ന ശബരി സിഗ്നേച്ചര്‍ കിറ്റുകള്‍ 229 രൂപയ്ക്കും ലഭ്യമാകും.
സപ്ലൈകോയിൽ നിന്ന് ലഭിക്കുന്ന 500 രൂപയുടെയും 1000 രൂപയുടെയും ഓണം സമ്മാനകാര്‍ഡുകൾ ഉപയോഗിച്ച് കേരളത്തിലെവിടെയുമുള്ള സപ്ലൈകോ വില്പനകേന്ദ്രങ്ങളിൽ നിന്ന് ഒക്ടോബര്‍ 31 വരെ സബ്സിഡി ഒഴികെയുള്ള സാധനങ്ങള്‍ വാങ്ങാവുന്നതാണ്. സപ്ലൈകോ വില്പനശാലകളില് നിന്ന് ആയിരത്തിൽ കൂടുതല്‍ രൂപയുടെ ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളില്‍ നിന്ന് നറുക്കിട്ടെടുക്കുന്ന വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കുന്നുണ്ട്.