പത്തനംതിട്ട മാർത്തോമ്മ ഇടവക നവതി ഉദ്ഘാടനം 27ന്
1242870
Thursday, November 24, 2022 10:19 PM IST
പത്തനംതിട്ട: മാർത്തോമ്മ ഇടവക നവതി ഉദ്ഘാടനവും നവീകരിച്ച ദേവാലയത്തിന്റെ സമർപ്പണ പ്രാർഥനയും 27നു നടക്കും. ഒരുവർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷങ്ങൾക്കാണ് തുടക്കം കുറിക്കുന്നതെന്ന് വികാരി റവ.ഡോ. മാത്യു എം. തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
പത്തനംതിട്ട നഗരത്തിൽ 1933ൽ ഏഴ് ഭവനങ്ങളുമായി ആരംഭിച്ച ദേവാലയമാണിത്. ഇന്നിപ്പോൾ മുന്നൂറിൽപരം കുടുംബങ്ങൾ ഇടവകയിൽ അംഗങ്ങളായുണ്ട്.
നവതിയുടെ ഭാഗമായി വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങൾ ഇടവക ക്രമീകരിക്കും. ഭവനനിർമാണം, വിദ്യാഭ്യാസ, ചികിത്സാ സഹായങ്ങൾ, മെഡിക്കൽ ക്യാന്പ്, വിശപ്പ് രഹിത പത്തനംതിട്ട എന്നിവ പ്രധാന പദ്ധതികളാകും.
നവീകരിച്ച ദേവാലയത്തിന്റെ സമർപ്പണ സ്തോത്ര ശുശ്രൂഷ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും.
തുടർന്നു നടക്കുന്ന സമ്മേളനത്തിൽ മന്ത്രി വീണാ ജോർജ് നവതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
റാന്നി - നിലയ്ക്കൽ ഭദ്രാസനാധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ അനുഗ്രഹപ്രഭാഷണം നടത്തും.
നവതി പദ്ധതികളുടെ ഉദ്ഘാടനം ആന്റോ ആന്റണി എംപിയും ലോഗോ പ്രകാശനം നഗരസഭാധ്യക്ഷൻ ടി. സക്കീർ ഹുസൈൻ എന്നിവർ നിർവഹിക്കും. വികാരി ജനറാൾ റവ.ഡോ. സി.കെ. മാത്യു. സഭാ സെക്രട്ടറി റവ. സി.വി. സൈമൺ, റവ. ജേക്കബ് ജോർജ്, കൗൺസിലർ സിന്ധു അനിൽ, മുൻ വൈസ് ചെയർമാൻ പി.കെ. ജേക്കബ് തുടങ്ങിയവർ പ്രസംഗിക്കും.
നവതി ജനറൽ കൺവീനർ ജോർജ് കെ. നൈനാൻ, പബ്ലിസിറ്റി കൺവീനർ ബിപിൻ റ്റി. റോയി, വൈസ് പ്രസിഡന്റ് ജോർജ് വർഗീസ്, ട്രസ്റ്റി എം.സി. ജോർജ്, അക്കൗണ്ട് ട്രസ്റ്റി ഷാജി തോമസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.