കോട്ടാങ്ങൽ ബജറ്റിൽ ഉത്പാദന മേഖലയ്ക്കും ലൈഫ് ഭവന പദ്ധതിക്കും മുൻഗണന
1280266
Thursday, March 23, 2023 10:51 PM IST
കോട്ടാങ്ങല്‍: ഗ്രാമപഞ്ചായത്ത് ബജറ്റിൽ ഉത്പാദന മേഖലയ്ക്കും ലൈഫ് ഭവനപദ്ധതിക്കും മുൻഗണന. വൈസ് പ്രസിഡന്റ് എം.എ. ജമീലാബീവി അവതരിപ്പിച്ച ബജറ്റ് 7,54,88,360 രൂപ വരവും 7,45,46,457 രൂപ ചെലവും 41,57,508 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ്. ഉത്പാദന മേഖലയിൽ 1.25 കോടി രൂപയും വഴിവിളക്കു വൈദ്യുതലൈന്‍ നീട്ടുന്നതിനായി 5 ലക്ഷം രൂപയും റോഡു പുനരുദ്ധാരണത്തിനായി 65 ലക്ഷം രൂപയും റോഡിതര പുനരുദ്ധാരണത്തിനായി 52 ലക്ഷം രൂപയും റോഡ് വികസനത്തിനായി 30 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പട്ടിക ജാതി പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം, ക്ഷീരവികസനം, മൃഗസംരക്ഷണം, പട്ടികജാതി വികസനം, സാമൂഹ്യക്ഷേമം തുടങ്ങിയ വിഭാഗങ്ങളിലെ വ്യക്തിഗത ആനുകൂല്യ സബ്സിഡിയായി 2.50 കോടി രൂപയും അതിദരിദ്രരുടെ പുനരധിവാസത്തിനും ഉന്നമനത്തിനുമായി രണ്ടു ലക്ഷം രൂപയും, പഞ്ചായത്തിന്റെ ജൈവ വൈവിധ്യ പരിപാലനത്തിനായി ഒരു ലക്ഷം രൂപയും അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു ലക്ഷം രൂപയും വാതില്‍പ്പടി സേവനങ്ങള്‍ക്കായി ഒരുലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പ്രസിഡന്റ് ബിനു ജോസഫ് അധ്യക്ഷത വഹിച്ചു.