റേഷന്‍ വിതരണം: പ്രതിസന്ധി മാറ്റാൻ കളക്ടറുടെ നിര്‍ദേശം
1261869
Tuesday, January 24, 2023 10:49 PM IST
ആലപ്പുഴ: റേഷന്‍ വിതരണം സംബന്ധിച്ച പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണതേജ കര്‍ശന നിര്‍ദേശം നല്കി. ജില്ലയിലെ റേഷന്‍ വ്യാപാര പ്രതിനിധികളും പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. റേഷന്‍ വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കളക്ടര്‍ ചോദിച്ചറിഞ്ഞു.
റേഷന്‍ വിതരണത്തില്‍ ഉണ്ടാകുന്ന തടസങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടി അടിയന്തര പ്രാധാന്യത്തോടെ നടത്തണം. മട്ട അരി ആവശ്യമുള്ള താലൂക്കുകള്‍ക്ക് മട്ട അരിയും പുഴുക്കലരി ആവശ്യമുള്ള താലൂക്കുകള്‍ക്ക് പുഴുക്കലരിയും വീതിച്ച് നല്കാന് പ്രത്യേകം ശ്രദ്ധിക്കണം. റേഷന്‍ കടകളിലേക്ക് വരുന്ന ഭക്ഷ്യധാന്യങ്ങള്‍ വ്യാപാരികള്‍ക്ക് തൂക്കം കൃത്യമായി ബോധിപ്പിച്ച് നല്‍കാനാവശ്യമായ നടപടി സ്വീകരിക്കണം- കളക്ടര്‍ നിര്‍ദേശിച്ചു.
എന്‍എഫ്എസ്എയില്‍ നിന്നു ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകളിലേക്ക് വിതരണം ചെയ്യുന്ന സമയത്ത് ബന്ധപ്പെട്ട സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ റേഷന്‍ കടകളിലെത്തി കൃത്യമായി ഭക്ഷ്യധാന്യങ്ങള്‍ തൂക്കി നല്കുന്നുണ്ടോയെന്നു പരിശോധിക്കണം. എല്ലാ മാസവും പത്താം തീയതിക്കു മുന്‍പായി റേഷന്‍ കടകളില്‍ ആട്ട എത്തിക്കാന്‍ സപ്ലൈകോ അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവി, ഡിപ്പോ മാനേജര്‍ ജി. ഓമനക്കുട്ടന്, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, റേഷന്‍ വ്യാപാര സംഘാടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.