വേലിയേറ്റം: കുട്ടനാട്ടിൽ മടവീഴ്ച
1601983
Wednesday, October 22, 2025 11:40 PM IST
ചമ്പക്കുളം: ശക്തമായ വേലിയേറ്റത്തിൽ കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച. രണ്ടാംകൃഷി ഇറക്കിയ 25 ഏക്കർ സ്ഥലത്തെ കൃഷി നശിച്ചു. ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ മുന്നൂറ്റും പടശേഖരത്തിലാണു മടവീണത്. ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ വേലിയേറ്റത്തിൽ പുറംബണ്ട് തകരുകയായിരുന്നു.
മടവീണതോടെ പാടശേഖരം പൂർണമായി വെള്ളത്തിൽ മുങ്ങി. 80 ദിവസം പ്രായമായ നെൽച്ചെടികളാണു നശിച്ചത്. വിളവെടുപ്പിനു മുൻപായുള്ള കൃഷി ചെലവുകൾ പൂർണമായി ചെലവഴിച്ച സമയത്താണു മടവീഴ്ചയുണ്ടായതിനാൽ കർഷകർക്കു വലിയ നഷ്ടമാണു സംഭവിച്ചത്.
25 ഏക്കർ സ്ഥലത്ത് 8 കർഷകരാണു കൃഷിയിറക്കിയിരുന്നത്. മുന്നൂറ്റും പാടത്തു മടവീണതോടെ സമീപത്തെ മൂന്നു പാടശേഖരങ്ങളിലെ കൃഷിയും ഭീഷണിയിലായി.
അഞ്ഞൂറ്റുംപാടം, വളയംപാടം, കൊക്കണംപാടം എന്നീ പാടശേഖരങ്ങളിലെ കർഷകരാണ് ആശങ്കയിലായിരിക്കുന്നത്. എല്ലാ പാടശേഖരങ്ങളും സഹകരിച്ചാണു മട കുത്തുന്നതിനു വേണ്ട ക്രമീകരണങ്ങൾ നടത്തുന്നത്. ഏകദേശം ഒൻപതു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.
കർഷകർ ബണ്ട് കെട്ടിയെങ്കിലും കതിർനിരന്ന സമയമായതിനാൽ ഇനി വെള്ളം വറ്റിച്ചാൽ തന്നെ കതിര് മുഴുവൻ പതിരായി മാറും എന്നുള്ളതുകൊണ്ട് കർഷകർക്ക് വിളവ് ലഭിക്കില്ല.
പാടശേഖരത്തിന്റെ പുറം ബണ്ട് നിർമിക്കുന്നതിന് ജലവിഭവവകുപ്പ് ഫണ്ട് അനുവദിച്ചിട്ടുള്ളതാണ്. നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതാണ്.
കഴിഞ്ഞ ദിവസം വേലിയേറ്റത്തിൽ പുഞ്ചക്കൃഷിയുടെ ഒരുക്കങ്ങൾ നടത്തുകയായിരുന്ന വെളിയനാട്, കുന്നുമ്മ വില്ലേജിൽ ഉൾപ്പെട്ട പടിഞ്ഞാറേ വെള്ളിസ്രാക്ക പാടശേഖരത്തിൽ മട വീണിരുന്നു.
ശക്തമായ വേലിയേറ്റം തുടരുന്നതു ദുർബലമായ പുറംബണ്ടുള്ള പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. പല പാടശേഖരങ്ങളുടെയും പുറംബണ്ട് കവിഞ്ഞു വെള്ളം കൃഷിയിടത്തിലേക്കു കയറുന്നതു പുഞ്ചക്കൃഷിയുടെ ഒരുക്കങ്ങളെയും രണ്ടാംകൃഷിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.