ലോട്ടറിക്കടയിലെ മോഷണം: പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
1601772
Wednesday, October 22, 2025 5:47 AM IST
ചേർത്തല: നഗരത്തിലെ ലോട്ടറി ടിക്കറ്റ് വിൽപ്പനശാലയിൽനിന്ന് 2.16 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും പണവും നഷ്ടപ്പെട്ട കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ സിസിടി വി കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്.
പോലീസ് നായ സഞ്ചരിച്ച വഴികളിലെയും സമീപത്തെ കടകളിലെയും കാമറകൾ പോലീസ് ഇന്നലെ പരിശോധിച്ചു. വിരലടയാള വിദഗ്ധർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലും പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
ചേർത്തല ദേവീക്ഷേത്രത്തിന് തെക്കുവശം കണിച്ചുകുളങ്ങര പള്ളിക്കാവുവെളി ലതാബാബുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബ്രദേഴ്സ് ലോട്ടറി ടിക്കറ്റ് വിൽപ്പനശാലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്.
സമീപത്തെ വീടിന്റെ ഗേറ്റ് ചാടിക്കടന്ന് കടയുടെ മതിൽക്കെട്ടിനുള്ളിൽ പ്രവേശിച്ച മോഷ്ടാവ് ജനൽപ്പാളി തുറന്ന് കമ്പി അറ ത്തുമാറ്റിയശേഷം കമ്പിപ്പാര ഉപയോഗിച്ച് ഗ്രിൽ തകർത്ത് അകത്തുകടന്നാണ് മോഷണം നടത്തിയത്.
മൂന്നു ദിവസത്തെ 5143 ടിക്കറ്റുകളും പൂജ ബംമ്പറിന്റെ 20 ടിക്കറ്റുകളുമാണ് മോഷ്ടിച്ചത്.
മോഷ്ടിക്കപ്പെട്ട സ്ത്രീശക്തി ലോട്ടറിയിൽ 1000ത്തിന്റെ യും 200ന്റെയും 100ന്റെയും ടിക്കറ്റുകൾ സമ്മാനാർഹമായിട്ടുണ്ട്. ഇന്നു നറുക്കെടുക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ 525 ടിക്കറ്റുകളും നഷ്ടപ്പെട്ടിട്ടുണ്ട്.
നഷ്ടപ്പെട്ട ടിക്കറ്റുകളിൽ സമ്മാനാർഹമായവയുടെ സീരിയൽ നമ്പരുകൾ അടക്കമുള്ള വിവരങ്ങൾ പോലീസ് മറ്റ് ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. ടിക്കറ്റുമായി എത്തുന്നവരുടെ വിവരം ശേഖരിക്കാൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്.