ആലപ്പുഴ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിനു തുടക്കം
1601763
Wednesday, October 22, 2025 5:47 AM IST
അമ്പലപ്പുഴ: മൂന്നു ദിവസങ്ങളിലായി നടക്കുന്ന ആലപ്പുഴ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കം. അറവുകാട് ഹയർ സെക്കൻഡറി, ഹൈസ്കൂൾ, എൽപി സ്കൂൾ, പുന്നപ്ര യുപിഎസ്, സെന്റ് ജോസഫ് എച്ച്എസ് എന്നീ സ്കൂളുകളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിൽ 71 സ്കൂളുകളിൽനിന്നായി 2000 ത്തോളം വിദ്യാർഥികളാണ് മാറ്റുരയ്ക്കുന്നത്.
പ്രവൃത്തിപരിചയ മേള, ഐടി മേള, സോഷ്യൽ സയൻസ് മേള, ഗണിതശാസ്ത്രമേള, സയൻസ് മേള എന്നിങ്ങനെ വിവിധ സെക്ഷനുകളിലാണ് ശാസ് ത്രോത്സവം നടക്കുക. അറവുകാട് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനം എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു.
അറവുകാട് ഹൈസ്കൂളിൽ നടത്തിയ സമ്മേളനത്തിൽ പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അധ്യക്ഷനായി.
ആലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. കെ. ശോഭന, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ.കെ. ബിജുമോൻ, സി. സന്ദീപ് ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. നാളെ പകൽ രണ്ടിന് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും.