"അഹങ്കരിക്കരുത്, പാര്‍ട്ടിയില്‍ ഈഗോയിസം പാടില്ല' ഡോസ് കുറയ്ക്കാതെ ജി. സുധാകരൻ
1601776
Wednesday, October 22, 2025 5:47 AM IST
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിനെ പരോക്ഷമായി വീണ്ടും വിമര്‍ശിച്ച് മുന്‍ മന്ത്രി ജി. സുധാകരന്. കുറവുകളില്ലെന്നു പറഞ്ഞ് അഹങ്കരിക്കരുത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഈഗോയിസം ഒട്ടും പാടില്ലെന്നാണെന്ന് ജി. സുധാകരന് പറഞ്ഞു. ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്.
കേരളം വളരെയേറെ വികാസം പ്രാപിച്ച പുരോഗമിച്ച സംസ്ഥാനമാണ്. അതെല്ലാം ശരിയായ കാര്യങ്ങളാണ്. പക്ഷേ, നമുക്ക് കുറവൊന്നുമില്ല എന്നു നാം അഹങ്കരിക്കരുത്. അതാണ് പ്രശ്നം. നമ്മള് പെര്‍ഫെക്ടാണ് എന്ന് പറയുന്നതാണ് പുതിയ രീതി. കുറവുണ്ടെന്നു പറഞ്ഞാല്‍ അതു കുഴപ്പമായി. അതിനെ അഹംഭാവം എന്നാണ് പറയുന്നത്. താനെന്ന ഭാവമാണത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഈഗോയിസം ഒട്ടും പാടില്ലെന്നാണ്. താനെന്ന ഭാവം ഒട്ടും പാടില്ലെന്നു പറയുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. നമ്മുടെ കുറവുകളെ കുറിച്ച്കൂടി മനസിലാക്കണമെന്നും ജി. സുധാകരന് പറഞ്ഞു.
അടുക്കാതെ
പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ജി. സുധാകരനെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അടുക്കാത്ത മട്ടിലാണ് നേതാവ്. പ്രായത്തിന്റെ പേരില്‍ പാര്‍ട്ടി ചുമതലകളില്‍നിന്ന് ഒഴിവാക്കപ്പെട്ടത് മുതല്‍ സിപിഎം നേതൃത്വത്തിനെതിരെ സുധാകരന് പരസ്യ പ്രതികരണം നടത്തിയിരുന്നു. ഏറെ നാളായി സുധാകരനെ പാര്‍ട്ടി പരിപാടികളില്‍നിന്ന് ജില്ലാ നേതൃത്വം ഒഴിവാക്കുകകൂടി ചെയ്തപ്പോൾ പാര്‍ട്ടിയോട് അകലം പാലിക്കുകയാണ് അദ്ദേഹം.
പലപ്പോഴായി സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കും വിധം പ്രതികരണങ്ങളും അദ്ദേഹം നടത്തി. ജി. സുധാകരന് പാര്‍ട്ടിയോട് ചേര്‍ന്ന് പോകണമെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയോടു കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ക്ഷണം ലഭിച്ചിട്ടും കുട്ടനാട്ടില്‍ കഴിഞ്ഞ ദിവസം നടന്ന വി.എസ്. അച്യുതാനന്ദന് സ്മാരക പുരസ്കാരദാന ചടങ്ങില്‍നിന്നു പോലും അദ്ദേഹം വിട്ടുനിന്നിരുന്നു.
അച്ചടക്ക നടപടി
മുതിര്‍ന്ന നേതാവായ ജി. സുധാകരനു പാര്‍ട്ടി അച്ചടക്ക നടപടികള്‍ പുതുതല്ല. താക്കീത്, ശാസന, പരസ്യ ശാസന, തരംതാഴ്ത്തല്‍, സസ്പെന്ഷന്, അംഗത്വത്തില്‍നിന്ന് പുറത്താക്കല്‍ എന്നിങ്ങനെയാണ് സിപിഎമ്മിന്റെ അച്ചടക്ക നടപടിയുടെ ക്രമം. ഇതില്‍ പരസ്യ ശാസനയും തരംതാഴ്ത്തലും സുധാകരന് നേരിട്ടുകഴിഞ്ഞു. രണ്ടു തവണയും പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിച്ചെന്ന ആരോപണം ഉന്നയിച്ചായിരുന്നു നടപടി. 2002ല്‍ പാര്‍ട്ടി പിടിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി വിഭാഗീയത ആരോപിച്ച് സംസ്ഥാന കമ്മിറ്റിയില്‍നിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തുകയായിരുന്നു.
2021ലാണ് സുധാകരനെ പാര്‍ട്ടി പരസ്യമായി ശാസിച്ചത്. തുടര്‍ഭരണം ലക്ഷ്യമാക്കി മുന്നോട്ടു പോകുമ്പോള്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പാണ് പരസ്യശാസനയിലൂടെ പാര്‍ട്ടി ജി. സുധാകരനു നല്‍കിയത്.
ജി. സുധാകരനും പാര്‍ലമെന്ററി വ്യാമോഹം ഉണ്ടായെന്നും തെറ്റു തിരുത്തുന്നതിന്റെ ഭാഗമായി സുധാകരനെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുയാണെന്നും പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തില്‍ പകരക്കാരനായി പാര്‍ട്ടി കണ്ടെത്തിയ എച്ച്. സലാമിനെ പിന്തുണച്ചില്ല, മതിയായ സാന്പത്തിക സഹായം ലഭ്യമാക്കാന്‍ സഹായിച്ചില്ല, സലാമിനെതിരേ നടന്ന പ്രചാരണങ്ങളില്‍ മൗനം തുടങ്ങിയ ആരോപണങ്ങളാണ് സുധാകരനെതിരേ ഉണ്ടായിരുന്നത്.