ഒല ഷോറൂമിനെതിരേ പോലീസില്‍ പരാതി
1601765
Wednesday, October 22, 2025 5:47 AM IST
അമ്പലപ്പുഴ: ഒല ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങി കബളിപ്പിക്കപ്പെട്ട ഉപഭോക്താക്കള്‍ ഷോറൂമിനെതിരേ പരാതിയുമായി രംഗത്ത്. കാക്കാഴം കാട്ടുങ്കല്ചിറ മുഹമ്മദ് കോയ, അമ്പലപ്പുഴ ബ്രദേഴ്സ് ഹൗസില്‍ ഷെരീഫ്, ചക്കാലക്കളം വീട്ടില്‍ മോഹനന്, അഭിജിത്ത് എന്നിവരാണ് പരാതി നല്‍കിയത്. അഞ്ചു വര്‍ഷത്തെ വാറന്റിയും നിരവധി വാഗ്ദാനങ്ങളും നല്‍കിയാണ് ജീവനക്കാര്‍ ആളുകളെ കൊണ്ട് സ്കൂട്ടര്‍ വാങ്ങിപ്പിച്ചത്.
എന്നാല്‍, അറ്റകുറ്റപ്പണികള്‍ക്കായി ചെല്ലുമ്പോള്‍ ഇവിടെ സര്‍വീസിംഗ് ഇല്ലെന്നും ആലപ്പുഴ മാന്നാറില്‍ സ്വന്തം ചെലവില്‍ എത്തിക്കാനും അറിയിക്കും.
തുടര്‍ന്ന് അവിടെ എത്തിക്കുന്ന വാഹനങ്ങളും മാസങ്ങള്‍ കഴിഞ്ഞാലും കേടുപാടുകള്‍ തീര്‍ത്തു കൊടുക്കാന്‍ കമ്പനി തയാറാകുന്നില്ലെന്ന് വാഹന ഉടമകള്‍ പറയുന്നു.
മാസങ്ങളോളം സര്‍വീസ് സെന്ററില്‍ വാഹനം ഇരിക്കുന്നതോടെ ഇതിന്റെ ബാറ്ററിയുടെ പ്രവര്‍ത്തനം നിലയ്ക്കും. ഇതോടെ ബാറ്ററിക്ക് ഗാരണ്ടി ഇല്ലെന്നു പറഞ്ഞ് ഇതിന്റെ തുകകൂടി വാഹന ഉടമ അടയ്ക്കണം എന്ന ഭീഷണിയും കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതായി ആരോപണമുണ്ട്.
വാഹനം കേടായി സര്‍വീസ് സെന്ററില്‍ മാസങ്ങളോളം കിടക്കുമ്പോഴും ഇതിന്റെ ബാങ്ക് ലോണ്‍ അടക്കമുള്ളവ കൃത്യമായി വാഹന ഉടമകള്‍ അടച്ചേ മതിയാകൂ. വാഹനം എടുത്ത് വെട്ടിലായ ഉടമകള്‍ ഇന്നലെ സംഘടിച്ച് അമ്പലപ്പുഴ ഷോറൂമില്‍ എത്തുകയും അമ്പലപ്പുഴ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തുകയും എല്ലാവരോടും പരാതി നല്കാന് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് വാഹനം എടുത്ത് വെട്ടിലായവര്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്‍സ്യൂമര്‍ കോര്‍ട്ടിലും പരാതി നല്കാന് ഒരുങ്ങുകയാണിവര്‍.