കാറ്റിലും മഴയിലും വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു
1601761
Wednesday, October 22, 2025 5:47 AM IST
അമ്പലപ്പുഴ: കാറ്റിലും മഴയിലും വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. മൂന്നു പിഞ്ചുകുഞ്ഞുങ്ങളടക്കം വന്‍ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടു.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 17-ാം വാര്‍ഡ് കോമന പുതുവല്‍ റൂബിയുടെ വീടിന്റെ അടുക്കള ഭാഗമാണ് കാലപ്പഴക്കം മൂലം ഇടിഞ്ഞുവീണത്. റൂബി അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ വീടിന്റെ ഒരു ഭാഗം നിലംപതിക്കുകയായിരുന്നു. ഹോളോ ബ്രിക്സ് കൊണ്ടു നിര്‍മിച്ച ചുവരാണ് തകര്‍ന്നുവീണത്. ഈ സമയം മകന് നജീബും നജീബിന്റെ മൂന്നു പിഞ്ചുമക്കളും തൊട്ടടുത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.
18 വര്‍ഷം മുന്‍പ് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ നിര്‍മിച്ച വീടിന്റെ മറ്റ് ഭാഗങ്ങളും ഏതു നിമിഷവും നിലംപതിക്കുമെന്ന ആശങ്കയിലാണ് ഇവര്‍. അറ്റകുറ്റപ്പണി പോലും ചെയ്യാന്‍ കഴിയാത്ത തരത്തില്‍ തകര്‍ന്നിരിക്കുകയാണ് വീട്. പല ഭാഗത്തും ഭിത്തിക്ക് വലിയ വിള്ളലുകളാണുള്ളത്. ഒന്നര സെന്റ് സ്ഥലത്ത് നിര്‍മിച്ചിരിക്കുന്ന വീട് പൊളിച്ച് മറ്റൊരു വീട് നിര്‍മിക്കാനുള്ള സാമ്പത്തിക ശേഷി കുടുംബത്തിനില്ല.
ലൈഫ് ഭവന പദ്ധതിയില്‍ ഒരു വര്‍ഷം മുന്‍പ് വീട് അനുവദിച്ചെങ്കിലും തീരപരിപാലന നിയമ പരിധിയില്‍പ്പെട്ട സ്ഥലമായതിനാല്‍ പുതിയ നിര്‍മാണത്തിന് അനുമതി ലഭിക്കാതെ വന്നതോടെ ലൈഫ് വീടും ഇവര്‍ക്ക് നഷ്ടപ്പെട്ടു. ഈ അവസ്ഥയില്‍ പിഞ്ചുകുഞ്ഞുങ്ങളുമായി എങ്ങോട്ടു പോകണമെന്നറിയാതെ വിഷമിക്കുകയാണ് റൂബിയും മകനും.