പൊതുതോട് സ്വകാര്യവ്യക്തി കൈയേറി മതിൽകെട്ടി; കുടുംബങ്ങൾ വെള്ളക്കെട്ടിൽ
1601992
Wednesday, October 22, 2025 11:40 PM IST
അമ്പലപ്പുഴ: പൊതുതോട് സ്വകാര്യവ്യക്തി കൈയേറി മതില്‍കെട്ടിയതോടെ പ്രദേശം വെള്ളക്കെട്ടില്‍. അമ്പലപ്പുഴ വടക്ക് ആറാം വാര്‍ഡ് വളഞ്ഞവഴി എസ്എന്‍ കവലക്ക് കിഴക്കുള്ള പതിനാലോളം കുടുംബങ്ങളാണ് വെള്ളക്കെട്ടില്‍ കഴിയുന്നത്. എസ് എന്‍ കവല കഞ്ഞിപ്പാടം റോഡില്‍ താമരപള്ളിച്ചിറ ഗീതയുടെ വീട് മുതല്‍ വടക്കോട്ടുള്ള 14 ഓളം കുടുംബങ്ങളാണ് കാലങ്ങളായി വെള്ളക്കെട്ടിന്റെ ദുരിതത്തില്‍ കഴിയുന്നത്.
ചെറിയ മഴ പെയ്താല്‍ പോലും പ്രദേശം വെള്ളക്കെട്ടിലാകും. പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. കൊച്ചുകുട്ടികളും വയോധികരുമടക്കം നിരവധിപ്പേരാണ് വെള്ളക്കെട്ടില്‍ ദുരിതത്തില്‍ കഴിയുന്നത്. ചെറിയ മഴയില്‍പ്പോലും മലിന ജലത്തില്‍ മുട്ടറ്റം നീന്താനാണ് ഇവരുടെ ദുര്‍വിധി.
പത്തടിയോളം വീതിയുണ്ടായിരുന്ന തോട് പലരും കൈ യേറി നിലവില്‍ കാനയുടെ വീതിയാണ് ഉള്ളത്. എങ്കിലും പ്രദേശത്തെ വെള്ളം ഒഴുകിമാറുന്നതിനായി എസ്എന്‍ കവല കഞ്ഞിപ്പാടം റോഡിന് കുറുകെ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, പൈപ്പ് സ്വകാര്യവ്യക്തി അടച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്നാണ് നാട്ടുകാര്‍ ദുരിതത്തിലായത്.
മലിനജലത്തിലൂടെ നടന്ന് പലര്‍ക്കും അസുഖങ്ങളും പിടിപെട്ടു. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പല കുടുംബത്തിനും പ്രാഥമികാവശ്യം നിര്‍വഹിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാതെ വന്നതോടെ പ്രദേശത്തുനിന്നുള്ള മലിനജലമെല്ലാം ഇവിടെ കെട്ടിക്കിടക്കുകയാണ്.
ഇതോടെ കുട്ടികള്‍ക്ക് സ്കൂളുകളില്‍ പോകാന്‍ പോലും കഴിയാത്ത സ്ഥിതിയായി. ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് ഇതിന് ശാശ്വത പരിഹാരം കാണണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം.
പ്രദേശത്തെ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണെണമെന്ന് പീസ് റെസിഡന്റ്സ് അസോസിയേഷന് രക്ഷാധികാരി ബഷീര്‍ തുണ്ടില്‍, പ്രസിഡന്റ് ഹാഷിം കൊല്ലംപറമ്പ് എന്നിവര്‍ ആവശ്യപ്പെട്ടു. പത്തടിയാേളം വീതിയുണ്ടായിരുന്ന തോട് നിലവില്‍ വെള്ളം ഒഴുകിമാറാനുള്ള ഒരു ചാൽ മാത്രമായി. ഇത് ചെളിയും കുണ്ടും നിറഞ്ഞ് നീരൊഴുക്ക് കറഞ്ഞു.
കൂടാതെ തോടിന് കുറുകെ മതില് കെട്ടിയതും നീരൊഴുക്കിന് തടസമായി. റോഡിന് കുറുകെയുള്ള പൈപ്പും അടഞ്ഞനിലയിലാണ്. അധികൃതര്‍ ഇടപെട്ട് പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.