ഹൈക്കോടതി ഇടപെടുന്നു; ഉത്തരപള്ളിയാറിന് ജീവശ്വാസം
1601981
Wednesday, October 22, 2025 11:40 PM IST
ചെങ്ങന്നൂര്‍: ശ്വാസംമുട്ടി മരണത്തിന്റെ വക്കിലെത്തിയ ഉത്തരപള്ളിയാര്‍ നദിക്കു ഹൈക്കോടതിയുടെ ശക്തമായ ഇടപെടലിലൂടെ പുതുജീവന്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ നാട്ടുകാരും നദീസംരക്ഷണ പ്രവര്‍ത്തകരും. നദീ പുനരുജ്ജീവനത്തിനുള്ള നടപടി ഇഴഞ്ഞുനീങ്ങിയതില് അസംതൃപ്തി പ്രകടിപ്പിച്ച കോടതി, 27ന് മുമ്പ് നടപടി വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചു.
കോടതിയുടെ
ഇടപെടൽ
ആല റൂറല്‍ ഡെവലപ്പ്മെന്റ് സൊസൈറ്റി ഹൈക്കോടതയില്‍ റിട്ട് ഹര്‍ജി നൽകിയതിനെത്തുടര്‍ന്ന് ജലവിഭവ അഡിഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍പേഴ്സണായി ഓഗസ്റ്റില്‍ സര്‍ക്കാര്‍ 17 അംഗ സമിതി രൂപീകരിച്ചിരുന്നു. ഈ സമതിയുടെ പ്രവര്‍ത്തനം മന്ദഗതിയിലാണന്ന ശ്രദ്ധയില്‍പെട്ട ഹൈക്കോടതി, സമിതി 27നു മുന്‍പ് യോഗം ചേര്‍ന്ന് ഉപസമിതികള്‍ രൂപീകരിക്കണമെന്നും ജോലികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ട സമയപരിധി നിശ്ചയിക്കണമെന്നുമാണ് നിര്‍ദേശിച്ചിരിക്കുന്നത്.
നിശ്ചയിക്കുന്ന സമയം യുക്തിരഹിതമെന്നു തോന്നിയാല്‍ കോടതി സമയം നിശ്ചയിച്ചു നല്‍കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഈ ഇടപെടലോടെ നദിയുടെ പുനരുജ്ജീവനത്തിന് വേഗം കൈവരുമെന്നാണ് വിലയിരുത്തല്‍.
രോഗഭീതിയില്‍
പുനരുദ്ധാരണ നടപടികള്‍ വൈകുംതോറും നദിയുടെ തീരത്തു താമസിക്കുന്നവര്‍ ഉള്‍പ്പടെയുള്ളവര്‍ മാരക രോഗങ്ങള്‍ക്ക് അടിമകളാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഒഴുക്ക് നിലച്ച ആറ്റില്‍ മാലിന്യം തള്ളുന്നതു പതിവായതോടെ ആറ്റുതിട്ടയോടു ചേര്‍ന്നുള്ള കിണറുകളിലെ വെള്ളത്തിന് ചുവപ്പ് നിറവും രുചിവ്യത്യാസവുമുണ്ട്.
അരിച്ചെടുത്ത്, നന്നായി തിളപ്പിച്ച വെള്ളം മാത്രമേ ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്നുള്ളൂയെന്നു പ്രദേശവാസികള്‍ പറയുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.
വ്യാപ്തി തര്‍ക്കത്തില്‍
നദിയുടെ യഥാര്‍ത്ഥ വ്യാപ്തിയെ ചൊല്ലി റവന്യു വകുപ്പും നദീ സംരക്ഷണ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. വെണ്മണിയിലെ അച്ഛന്കോവിലാറ്റില്നിന്ന് ഉത്ഭവിച്ച് വെണ്മണി, ആലാ, ചെറിയനാട് പഞ്ചായത്തുകളിലൂടെ ഒഴുകി ബുധനൂര്‍ ഇല്ലിമലയിലെ പമ്പയാറ്റില്‍ അവസാനിക്കുന്ന 18 കിലോമീറ്റര്‍ ദൂരമുള്ള നദിയായിരുന്നു ഉത്തരപള്ളിയാര്‍.
എന്നാല്‍, ഇപ്പോള്‍ ഏകദേശം 10 കിലോമീറ്ററോളം കൈത്തോടിന്റെ രൂപത്തിലാണ്. റവന്യൂ വകുപ്പിന്റെ രേഖകള്‍ പ്രകാരം, പുലിയൂര്, ചെറിയനാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കുളിക്കാംപാലത്ത് ആറ് അവസാനിക്കുകയാണ്. എന്നാല്‍, തുടര്‍ന്നും ആറ് ഉണ്ടെന്നാണ് നദീ സംരക്ഷണപ്രവർത്തകരുടെ വാദം. ആറ് മുന്‍പ് ഒഴുകിയിരുന്ന സ്ഥലങ്ങള്‍ പലതും ഇപ്പോള്‍ പട്ടയഭൂമിയായിട്ടാണ് രേഖകളില്‍ കാണിക്കുന്നതെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്.
റീസര്‍വേ
ആവശ്യം ശക്തം
നദിയുടെ യഥാര്‍ഥ അതിര്‍ത്തി നിര്‍ണയിക്കാൻ റീസര്‍വേ നടത്തണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. റീസര്‍വേയ്ക്കു മുന്‍പുള്ള ലിതോമാപ്പ് അടിസ്ഥാനമാക്കി സര്‍വേ പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം.
നിലവില്‍ വെണ്മണി പഞ്ചായത്തില്‍ പൂര്‍ണമായും ചെറിയനാട്ട് ഭാഗികമായും, എണ്ണയ്ക്കാട് വില്ലേജില്‍ പൂര്‍ണമായും സര്‍വേ നേരത്തെ നടത്തിയിരുന്നു. ചെറിയനാട്, പുലിയൂര് വില്ലേജുകളില്‍ ശേഷിക്കുന്ന ഭാഗത്തെ സര്‍വേ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്.
കളക്ടറുടെ നേതൃത്വത്തില്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. വെണ്മണി, ആല, ചെറിയനാട്, പുലിയൂര്, ബുധന്നൂര്‍ പഞ്ചായത്തുകളിലെ 135 ഹെക്ടര്‍ സ്ഥലത്ത് കൃഷി വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.