ഹെലികോപ്റ്റർ താഴ്ന്നു; പ്രതിരോധത്തിലായി ജില്ലാ ഭരണകൂടവും പോലീസും
1601984
Wednesday, October 22, 2025 11:40 PM IST
പത്തനംതിട്ട: പ്രമാടത്തെ ഹെലിപ്പാഡിലെ കോൺക്രീറ്റിംഗിൽ രാഷ്ട്രപതി എത്തിയ ഹെലികോപ്ടറിന്റെ ചക്രം താഴ്ന്നത് വിവാദമായി. സംഭവത്തിൽ കേന്ദ്രസർക്കാരും വിശദീകരണം തേടിയതോടെ ജില്ലാ ഭരണകൂടവും പോലീസും പ്രതിരോധത്തിലായി.
അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും പോലീസും ചേർന്നു വ്യാമസേനയുടെ ഹെലികോപ്റ്റർ തള്ളുന്ന ചിത്രം വ്യാപകമായി പ്രചരിച്ചത് സർക്കാറിനും നാണക്കേടായി. ദേശീയതലത്തിലടക്കം ദൃശ്യങ്ങൾ ചർച്ചയായിട്ടുണ്ട്. പ്രമാടത്ത് ഹെലിപ്പാഡ് ഒരുക്കാൻ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ജില്ല ഭരണകൂടത്തിന് അറിയിപ്പ് ലഭിച്ചത്. തുടർന്ന് അഗ്നിരക്ഷാസേന നിർദേശിച്ച സ്ഥലത്ത് മൂന്ന് ഹെലിപ്പാഡ് തയാറാക്കി. ഇതിനിടെയാണ് കോൺക്രീറ്റ്ചെയ്യാനുള്ള നിർദേശം ചെയ്തത്. തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ കോൺക്രീറ്റിങ് നടത്തി. ജോലികൾ പൂർത്തിയായത് ബുധനാഴ്ച പുലർച്ചെയാണ്.
ഉറപ്പ് കുറഞ്ഞ പ്രതലത്തിൽ അടിയന്തര സാഹചര്യത്തിൽ കോപ്റ്റർ ഇറക്കേണ്ടി വന്നാൽ അതിന് വാട്ടർ ഡി വാട്ടേർഡ് കോൺക്രീറ്റാണ് ഉപയോഗിക്കുക. ജലാംശത്തെ അതിവേഗം ഒപ്പിയെടുത്ത് ഉറപ്പ് കൂട്ടാൻ ഉതകുന്ന ഇത്തരം കോൺക്രീറ്റിനു പോലും സെറ്റാകാൻ അഞ്ചു മണിക്കൂർ സമയം വേണമെന്നിരിക്കെ അതിനു ശ്രമിക്കാതെ സാധാരണ കോൺക്രീറ്റാണ് ഇവിടെ ഉപയോഗിച്ചത്.
തിരുവനന്തപുരത്തുനിന്നും രാഷ്ട്രപതിയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വഹിച്ചുകൊണ്ടുള്ള മൂന്ന് കോപ്റ്ററുകൾ ഇന്നലെ രാവിലെ 8.40 നാണ് പ്രമാടത്തുള്ള താത്കാലിക ഹെലിപാഡിൽ ഇറങ്ങിയത്. രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടർ ഹെലിപ്പാഡിലെ എച്ച് മാർക്കിൽ നിന്നും രണ്ടടി മാറിയാണ് ഇറങ്ങിയതെന്ന് സൂചനയുണ്ട്. കോപ്റ്റർ തള്ളിനീക്കാനുള്ള സാഹചര്യം ഇതാണെന്നാണ് ജില്ലാ ഭരണകൂടവും സുരക്ഷാ ഉദ്യോഗസ്ഥരും വിശദീകരിക്കുന്നത്. കോൺക്രീറ്റ് തകർന്നിട്ടില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചതോടെയാണ് ഹെലികോപ്ടർ അതേ സ്ഥലത്തു നിന്നു തന്നെ രാഷ്ട്രപതിയുമായി മടങ്ങിയതെന്നും ജില്ലാ കളക്ടർ പറഞ്ഞു.