കെഎൽസിഎ സുവർണ ജൂബിലി ആഘോഷം: ദീപശിഖാപ്രയാണം ആരംഭിച്ചു
1280560
Friday, March 24, 2023 10:48 PM IST
ആലപ്പുഴ: കെഎൽസിഎ സുവർണ ജുബിലിയാഘോഷങ്ങളുടെ സമാപന ആഘോഷങ്ങളുടെ ഭാഗമായി സമാപന വേദിയിൽ തെളിക്കേണ്ട ദീപശിഖാ പ്രയാണം തുടങ്ങി. സമ്മേളനം നടക്കുന്ന കൊച്ചി പള്ളുരുത്തി വേദിയിൽ തെളിക്കേണ്ട ദീപശിഖയുമായി കെഎൽസിഎ ആലപ്പുഴ രൂപത പ്രസിഡന്റ് പി.ജി. ജോൺ ബ്രിട്ടോ ജാഥാ ക്യാപ്റ്റനായി പുറപ്പെട്ടു.
ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽനിന്നു പുറപ്പെട്ട സുവര്ണ ജ്വാല പ്രയാണത്തിനുള്ള ദീപശിഖ വികാരി ജനറാൾ ഫാ. ജോയി പുത്തന്വീട്ടിലാണ് ജോൺ ബ്രിട്ടോയ്ക്കു കൈമാറിയത്. 50 വർഷം മുൻപ് കെഎൽസിഎ രൂപീകരണവുമായി ബന്ധപ്പെട്ട ആലോചന നടന്നതു ലിയോ തേർട്ടീന്ത് സ്കൂളിലാണ്.
കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, സംസ്ഥാന സെക്രട്ടറി സാബു വി. തോമസ്, കെഎൽസിഎ ആലപ്പുഴ രൂപതാ ജനറൽ സെക്രട്ടറി സന്തോഷ് കൊടിയനാട്, ജാഥ മാനേജർ രൂപതാ വൈസ് പ്രസിഡന്റ് ഐസക് ജെയിംസ് എന്നിവർ പങ്കെടുത്തു. 25 ഓളം വാഹനങ്ങളും ജാഥയിൽ പങ്കുചേർന്നു.