ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം നൽകി വിവാഹത്തിന്റെ 50-ാം വാർഷികാഘോഷം
1299301
Thursday, June 1, 2023 11:04 PM IST
തുറവൂർ: വളമംഗലം നെടുംപുറത്ത് എ. ഭാസ്കരൻ നായർ മുന്നേ ദാനധർമിയാണ്. പഠിക്കാനും മരുന്നിനും മറ്റു ആവശ്യങ്ങൾക്കും അർഹരായവർക്ക് സഹായം നൽകാൻ മനസുള്ളയാൾ. ആ മനസ് വച്ച് തന്റെ വിവാഹത്തിന്റെ അമ്പതാം വാർഷികാഘോഷത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം കൈമാറുകയായിരുന്നു ഭാസ്കരൻനായർ. ആലപ്പുഴ കളക്ടറേറ്റിൽ കളക്ടർ ഹരിത വി. കുമാറിനെ നേരിൽ കണ്ടാണ് അരലക്ഷത്തിന്റെ തുക നൽകിയത്. കേരള സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയൻ കുത്തിയതോട് യൂണിറ്റ് പ്രസിഡന്റായ ഭാസ്കരൻ നായരുടെ ഭാര്യ റിട്ട. അധ്യാപിക ഗിരിജ മണിയമ്മയാണ്.
കഴിഞ്ഞ 27നായിരുന്നു ഇവരുടെ വിവാഹ വാർഷികം. 2020 ൽ 47-ാം വിവാഹ വാർഷികത്തിൽ 47,000 രൂപ ഇദ്ദേഹം ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഭാസ്കരൻനായർ 2021 മുതൽ സാന്ത്വന സ്പർശം പിതൃസ്മരണ എന്ന പേരിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ചുറ്റുമുള്ള അർഹരായവർക്ക് ലഭിക്കത്തക്കവിധം സംഘടന മുഖാന്തരം ഒരു പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ലോട്ടറിക്കാർ ഉൾപ്പെടെ 6 ഭിന്നശേഷിക്കാരായവർക്ക് 1000 രൂപ വീതം വീട്ടുമുറ്റത്ത് എത്തിച്ചായിരുന്നു 2021ൽ തുടക്കം. അത് 2022 ൽ 12 ഉം ഇപ്പോൾ 17 പേർക്ക് വരെ വർധിപ്പിച്ച് കൃത്യമായി എല്ലാ മാസവും തുക എത്തിച്ചു നൽകുന്നതിൽ കൃതാർഥനാണ് ഭാസ്കരൻ നായർ.
തലചായ്ക്കാൻ ഇടമില്ലാത്തവർക്ക് വീട് ലഭിക്കാൻ വേണ്ടതു ചെയ്യാൻ ഭാസ്കരൻനായർ ഏറെ ഇഷ്ടപ്പെടുന്നു. സർക്കാരിന്റെ സന്ദേശത്തിൽ തത്പരനായി 4.55 സെന്റ് സ്ഥലം തുറവൂർ തെക്ക് വില്ലേജിൽ വാങ്ങി സർക്കാരിന് മന്ത്രിതലത്തിൽ അപേക്ഷ നൽകി സമർപ്പിച്ചെങ്കിലും അത് സർക്കാർ സമയബന്ധിതമായി അർഹരായവർക്ക് വീട് വച്ച് നൽകാൻ ഉപയോഗിച്ചിട്ടില്ല.
സൗജന്യമായി സർക്കാരിന് സമർപ്പിച്ച ഭൂമി സർക്കാർ വീട് വച്ച് അർഹരായവർക്ക് നൽകുന്നത് കാണാൻ ഭാസ്കരൻ നായർ കാക്കുന്നെങ്കിലും അതൊന്നും തന്റെ ദാനധർമത്തിന് തടസമല്ല. ചെറിയ കാര്യം വലിയ മനസോടെ ചെയ്യുന്നതിന്റെ വലിയ മാതൃകയായി ഭാസ്കരൻ നായർ തിരക്കിലാണ്.