ആലപ്പുഴ: നഗരസഭ പ്രദേശത്ത് വിവിധ പ്രദേശങ്ങളില്‍ തെരുവുനായ ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ തെരുവുനായകള്‍ക്കുള്ള മെഗാ വാക്സിനേഷന് യജ്ഞം കൊമ്മാടി, പൂന്തോപ്പ്, ആശ്രമം, മന്നത്ത്, ചാത്തനാട്, ആറാട്ടുവഴി, പവര്‍ഹൗസ് എന്നീ വാര്‍ഡുകളില്‍ ആരംഭിച്ചു. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, വെറ്ററിനറി സര്ജന്, അറ്റന്‍ഡര്‍മാര്‍, നായപിടിത്തത്തില്‍ പരിശീലനം ലഭിച്ചവര്‍, ഫാബ്രിക് പെയ്ന്റിംഗിനായി നഗരസഭ തൊഴിലാളികള്‍, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവരടങ്ങുന്ന 25 അംഗ സംഘമാണ് പ്രവര്‍ത്തനം നടത്തുന്നത്.
ഒന്നോ, രണ്ടോ ആഴ്ചകൊണ്ട് നഗരത്തിലെ മുഴുവന്‍ തെരുവുനായ്ക്കള്‍ക്കും വാക്സിനേഷന് ചെയ്യുന്ന നടപടി പൂര്‍ത്തിയാക്കും. പരിശീലനം ലഭിച്ച നായപിടിത്തക്കാരുടെ സഹായത്തോടെ ഏഴു വാര്‍ഡുകളില്‍നിന്നു പിടികൂടിയ 170 നായ്ക്കളെയാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായത്തോടെ വാക്സിനേറ്റ് ചെയ്തത്. വാകസിനേറ്റ് ചെയ്ത നായ്ക്കളെ വാക്സിനേഷന് കാലയളവിലേക്ക് തിരിച്ചറിയാവുന്ന വിധം ഫാബ്രിക് പെയ്ന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തിയാണ് വിട്ടയച്ചത്. വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, എ.എസ്. കവിത, എം.ജി. സതീദേവി, എം.ആര്. പ്രേം, ബി. മെഹബൂബ്, മോനിഷ ശ്യാം, കൊച്ചുത്രേസ്യാമ്മ ജോസഫ്, ജ്യോതി പ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്കി.