അറുനൂറ്റിമംഗലം നിവാസികള്‍ക്ക് ഇരുട്ടടിയായി ജംഗ്ഷനിലെ തെരുവുവിളക്ക് കണ്ണടച്ചു
1396672
Friday, March 1, 2024 7:06 AM IST
കടുത്തുരുത്തി: കുത്തിപ്പൊളിച്ചിട്ടിരിക്കുന്ന റോഡും പൊടിയും മൂലം കഷ്ടപ്പെടുന്ന അറുനൂറ്റിമംഗലം നിവാസികള്‍ക്ക് ഇരുട്ടടിയായി ജംഗ്ഷനിലെ തെരുവുവിളക്കും കണ്ണടച്ചു. അന്തരിച്ച മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.എ. അപ്പച്ചന് മുന്‍കൈയെടുത്ത് സ്ഥാപിച്ച ജംഗ്ഷനിലെ ലൈറ്റ് കത്താതായിട്ട് ദിവസങ്ങള്‍ പിന്നിടുകയാണ്. മുളക്കുളം പഞ്ചായത്തിലെ ഒമ്പത്, പത്ത് വാര്‍ഡുകളിലെ പ്രദേശത്തുവരുന്ന അറുനൂറ്റിമംഗലം ജംഗ്ഷനില്‍ പ്രകാശം പരത്തിയിരുന്ന തെരുവ് വിളക്കാണ് മിഴിയടച്ചത്.
സന്ധ്യയോടെ കടകളടച്ചാല്‍ ജംഗ്ഷന് ഇരുട്ടിലാകും. രാത്രികാലങ്ങളില്‍ ഇവിടെ ബസ് ഇറങ്ങുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ഇതുമൂലം ബുദ്ധിമുട്ടുകയാണ്. അധികൃതരോട് പരാതി പറഞ്ഞിട്ടും യാതൊരു പ്രയോജനവുമില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
തകര്‍ന്നുകിടക്കുന്ന കടുത്തുരുത്തി - പെരുവ റോഡിലെ പൊടിശല്യം മൂലം വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ കഴിഞ്ഞ ദിവസം ഇവിടെ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. ഇപ്പോള്‍ ഇതുവഴിയുള്ള വാഹനയാത്രയും ദുസ്സഹമാണ്. ഇതിനിടെ ലൈറ്റ് കൂടി തെളിയാതായതോടെ ജനം ദുരിതത്തിലാണ്. അടുത്ത ദിവസംതന്നെ ലൈറ്റിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പഞ്ചായത്തംഗം അറിയിച്ചിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.