തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി വാര് റൂമുകള്‍
1415800
Thursday, April 11, 2024 10:56 PM IST
കോട്ടയം: അകത്തും പുറത്തും പിരിമുറുക്കം. ഓട്ടപ്രദക്ഷിണം. അവസാന ലാപ്പിലെത്തുമ്പോള്‍ അങ്കം മുറുകുകയാണ്. ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പയറ്റിയും പുതിയ തന്ത്രങ്ങള്‍ മെനഞ്ഞും പാര്‍ട്ടിയിലെ ചിന്തകന്മാര് പതിനെട്ടടവും പയറ്റുകയാണ്. സ്വന്തമായി തന്ത്രങ്ങള്‍ മെനയുക മാത്രമല്ല എതിരാളികളുടെ നീക്കങ്ങളെ ചെറുക്കാനും ആഞ്ഞുശ്രമിക്കുന്നു.
സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ഓഫീസുകളില്‍നിന്നു മാറിയാണ് വാര് റൂം. ഓരോ ദിവസത്തെയും പര്യടനം, പ്രചാരണ വിഷയങ്ങള്‍, തന്ത്രങ്ങള്‍, സ്ക്വാഡ് വര്‍ക്ക്, കുടുംബയോഗം, പണക്കാര്യം, ബൂത്തുതല പ്രവര്‍ത്തനം എന്നിവയൊക്കെ ഇവിടെ ചര്‍ച്ചയാകും. എതിരാളികളുടെ ഓരോ ദിവസത്തെ നീക്കങ്ങളും ആളനക്കവും കൃത്യമായി അറിഞ്ഞ് ഇവിടെ അപഗ്രഥിക്കുന്നു. കൂടുതല്‍ ശ്രദ്ധ പതിയേണ്ട പ്രദേശങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവയെല്ലാം വിലയിരുത്തപ്പെടും.
സോഷ്യല്‍ മീഡിയയുടെ പ്രവര്‍ത്തനവും വാര് റൂമുകളിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്. രാവിലെ തുറക്കുന്ന പോരാട്ട കാര്യാലയങ്ങള്‍ പൂട്ടുമ്പോള്‍ പാതിരാ കഴിയും. ഇവിടത്തെ ചര്‍ച്ചാവിഷയം വാര് റൂം ടീമും സ്ഥാനാര്ഥികളുമല്ലാതെ പ്രവര്‍ത്തകര്‍പോലും അറിയില്ല.
തിരുവഞ്ചൂരും മോന്‍സും യുഡിഎഫ് നായകര്‍
യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ കേന്ദ്ര തെരഞ്ഞെടുപ്പു ഓഫീസ് കോട്ടയത്ത് എംസി റോഡില്‍ വയസ്കരക്കുന്നിനു സമീപമാണ്. ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ജനറല്‍ കണ്‍വീനര്‍ മോന്‍സ് ജോസഫും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷുമാണ് വാര് റൂമിലെ പ്രധാനികള്‍. പ്രചാരണ തന്ത്രങ്ങള്‍ മെനയുന്നത് ഡിജോ കാപ്പനാണ്. ഫില്‍സണ്‍ മാത്യൂസ്, ജാന്‍സ് കുന്നപ്പള്ളി, ഫിലിപ്പ് ജോസഫ് എന്നിവരാണ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ജെയ്സൺ ജോസഫാണ് ചീഫ് ഇലക്ഷന് ഏജന്റ്. അപു ജോണ്‍ ജോസഫിന്റെ നേതൃത്വത്തിലാണ് സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം. പബ്ലിസിറ്റി, മാധ്യമം ചുമതല ബിനു ചെങ്ങളത്തിനാണ്. തൊടുപുഴയിലെ വസതിയില്‍നിന്നും പി.ജെ. ജോസഫും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.
ജോസ് കെ. മാണിയും വി.എന്‍. വാസവനും
ഇടതുപാളയത്തിലെ പ്രമുഖർ
എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ ഇലക്ഷന് കേന്ദ്ര ഓഫീസ് കോട്ടയം ശാസ്ത്രി റോഡിലാണ്. ചെയര്മാന് ജോസ് കെ. മാണിയും മന്ത്രി വി.എന്‍. വാസവനുമാണ് നേതൃത്വം നല്‍കുന്നത്. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ. അനില്‍കുമാര്‍, ജനറല്‍ കണ്‍വീനറും സ്ഥാനാര്‍ഥിയുടെ ചീഫ് ഇലക്ഷന് ഏജന്റുമായ പ്രഫ. ലോപ്പസ് മാത്യു, സെക്രട്ടറി വി.ബി. ബിനു എന്നിവരാണ് വാര് റൂമിലുള്ളത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്കാലായുടെയും ചെറിയാന് കോതമംഗലത്തിന്റെയും നേതൃത്വത്തിലാണ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍. സിറിയക് ചാഴികാടന്, വിജി എം. തോമസ്, ജയകൃഷ്ണന് തൊടുപുഴ, അനില്‍ വേഗ എന്നിവരുടെ നേതൃത്വത്തില്‍ മീഡിയ, പബ്ലിസിറ്റി, സോഷ്യല്‍ മീഡിയ സജീവമാക്കുന്നു.
പാര്‍ട്ടി കേന്ദ്ര ഓഫീസില്‍ ജോസ് കെ. മാണിയുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തില്‍ എംഎല്‍എമാരും മുന്‍നിര എല്‍ഡിഎഫ് നേതാക്കളും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി എ.വി. റസലിന്റെ നേതൃത്വത്തിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.
സ്മാര്‍ട്ട് റൂമുമായി ബിജെപി
എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് ഓഫീസ് എംസി റോഡില്‍ എസ്.എച്ച്. മൗണ്ടിലാണ്. സ്മാര്‍ട്ട് വാര് റൂമാണ് ഇവിടെ ബിജെപി ഒരുക്കിയിരിക്കുന്നത്. ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ അപ്പപ്പോള്‍തന്നെ ബിജെപി കേന്ദ്ര ഓഫീസില്‍ എത്തുന്ന രീതിയിലാണ് സ്മാര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം.
ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ബി. ജയപ്രകാശിന്റെയും ബിജെപി നേതാവ് മുകേഷിന്റെയും നേതൃത്വത്തിലാണ് എന്‍ഡിഎ കരുനീക്കങ്ങള്‍.
ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ലാല്‍, സംസ്ഥാന സെക്രട്ടറി ജോര്‍ജ് കുര്യന്, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, എന്‍.കെ. നാരായണന് നമ്പൂതിരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടന്നുവരുന്നു. ഗോകുല്‍ സുരേഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവരാണ് സോഷ്യല്‍ മീഡിയ ഏകോപിപ്പിക്കുന്നത്. ബിജെപി കേന്ദ്ര-സംസ്ഥാന പ്രതിനിധികളുടെ മേല്‍നോട്ടത്തിലാണ് ആസൂത്രണം.