രാമപുരം പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ കൃഷി ഉപേക്ഷിച്ചു നെല്‍കര്‍ഷകര്‍
1415829
Thursday, April 11, 2024 10:57 PM IST
രാമപുരം: സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനാല്‍ കൃഷിയില്‍നിന്നു മാറി നിന്ന് നെല്‍ കര്‍ഷകര്‍. രാമപുരം പഞ്ചായത്തില്‍ നാല്പത് ഹെക്ടറോളം പാടശേഖരങ്ങളുണ്ടെങ്കിലും ഇതില്‍ ഭൂരിഭാഗവും കൃഷിചെയ്യാതെ നശിച്ചുകൊണ്ടിരിക്കുകയാണ്. ഏതാനും ചില കര്‍ഷകര്‍ പല സ്ഥലങ്ങളിലായി പത്തു ഹെക്ടറോളം സ്ഥലത്ത് കൃഷിചെയ്യുന്നുണ്ടെന്നതൊഴിച്ചാല് ഒട്ടുമിക്ക നെല്‍കര്‍ഷകരും കൃഷി ഉപേക്ഷിച്ച മട്ടാണ്.
മാറി വരുന്ന കാലാവസ്ഥയും കര്‍ഷകരെ പ്രതികൂലമായി ബാധിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന 6000 രൂപ ഒഴികെ മാസങ്ങളായി സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട ഒരു ആനുകൂല്യവും ഇതുവരെയും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാനായി രൂപം നല്കിയ കൃഷി വകുപ്പും അതിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവനുകളും ഇപ്പോള്‍ നോക്കുകുത്തിയായിരിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
രാമപുരം പഞ്ചായത്തില്‍ വെള്ളിലാപ്പിള്ളി, കിഴതിരി, പാലവേലി, കൊണ്ടാട് എന്നീ പാടശേഖരങ്ങളാണുള്ളത്. ഇവയില്‍ ഭൂരിഭാഗവും തരിശായാണ് കിടക്കുന്നത്. പല സ്ഥലങ്ങളിലും ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നെല്പാടം നിയമവിരുദ്ധമായി നികത്തി കരയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. തണ്ണീര്‍ തടങ്ങള്‍ നശിക്കുന്നതു മൂലമാണ് പഞ്ചായത്തില്‍ പലയിടത്തും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടാന്‍ കാരണമെന്നും പറയുന്നു.
എത്രയും പെട്ടെന്ന് മുടങ്ങി കിടക്കുന്ന ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്കു നല്‍കണമെന്നും നിയമവിരുദ്ധമായി പാടം മണ്ണിട്ട് നികത്തുന്നതു തടഞ്ഞ് നെല്‍കൃഷി വ്യാപിപ്പിക്കുവാന്‍ സര്‍ക്കാര്‍തല നടപടികള്‍ ഉണ്ടാകണമെന്നും കര്‍ഷകർ ആവശ്യപ്പെടുന്നു.