അഞ്ചിലിപ്പ പാലത്തിന്റെ തൂണില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി
1601109
Sunday, October 19, 2025 11:22 PM IST
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ ചിറ്റാര്‍ പുഴയില്‍ അഞ്ചിലിപ്പ പാലത്തിനടിയില്‍ മാലിന്യം അടിഞ്ഞുകൂടി. പ്ലാസ്റ്റിക് കുപ്പികളും കൂടുകളും അടങ്ങുന്ന പാഴ്വസ്തുക്കളും വലിയ മരത്തടികളുമാണ് മഴയില്‍ ഒഴുകിയെത്തി തങ്ങിക്കിടക്കുന്നത്. ശക്തമായ ഒഴുക്കുള്ള ഇവിടെ നിരൊഴുക്ക് തടഞ്ഞാണ് മാലിന്യങ്ങള്‍ കിടക്കുന്നത്.
വന്മരങ്ങള് ഒഴുകിയെത്തി പാലത്തിന്റെ തൂണുകളില്‍ തങ്ങി നില്‍ക്കുന്നത് പാലത്തിനും തൂണുകള്‍ക്കും ബലക്ഷയത്തിനു കാരണമാകും. ചിറ്റാര്‍ പുഴയില്‍നിന്ന് ഈ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ ഒഴുക്കി വിട്ടാല്‍ ചെന്നെത്തുന്നത് മണിമലയാറ്റിലേക്കുമാണ്. കഴിഞ്ഞദിവസം ചിറ്റാര്‍ പുഴയുടെ കൈത്തോടായ ആനക്കല്ല് - കപ്പാട് തോട്ടില്‍ രണ്ട് താത്കാലിക തടിപ്പാലങ്ങള്‍ ഒഴുകിപ്പോയിരുന്നു. മാലിന്യങ്ങള്‍ അടിഞ്ഞുകൂടി കിടക്കുന്നതിന് സമീപമാണ് കുളിക്കടവുമുള്ളത്.
മാലിന്യം കിടക്കുന്നത് നീരൊഴുക്കിന് തടസമാകുന്നതിനാല്‍ വീണ്ടും മഴയെത്തിയാല്‍ വെള്ളം കരകവിഞ്ഞൊഴുകാനുള്ള സാധ്യതയുമേറെയാണ്. മഴയില്‍ ഒഴുകിയെത്തിയ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.