പ്രകടന പത്രിക ഇനി വേണ്ട, സര്‍ക്കാര്‍ ഉറക്കം വിട്ടുണരണം: കെസിബിസി മദ്യവിരുദ്ധ സമിതി
1601112
Sunday, October 19, 2025 11:22 PM IST
കോട്ടയം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ മദ്യനയം സംബന്ധിച്ച പ്രകടന പത്രിക ഇടതുമുന്നണി ഇനി പ്രസിദ്ധീകരിക്കരുതെന്നും മുന്‍തെരഞ്ഞെടുപ്പുകളില്‍ നല്കിയതൊക്കെ വ്യാജമായിരുന്നെന്ന് കാലം തെളിയിച്ചെന്നും കെസിബിസി മദ്യവിരുദ്ധ സമിതി കോട്ടയം മേഖല സമ്മേളനം. പ്രകടന പത്രികയില്‍ പറഞ്ഞതൊക്കെ അധികാരത്തില്‍ വന്നപ്പോള്‍ സമൂലം തള്ളിയ സര്‍ക്കാരാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലമായി ഭരണം നടത്തുന്നത്.
കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം മദ്യശാലകളും മാരക ലഹരിവസ്തുക്കളും ഉണ്ടായ കാലഘട്ടമില്ല. സര്‍ക്കാര്‍ ഉറക്കം വിട്ടുണരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, വിജയപുരം രൂപതകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കോട്ടയം മേഖലാ സമ്മേളനം സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല് മുഖ്യപ്രഭാഷണം നടത്തി. ആന്റണി മാത്യു, കെ.പി. മാത്യു, സാബു ഏബ്രഹാം, ജോസ് കവിയില്‍, ജോസ്മോന് പുഴക്കരോട്ട്, ബേബിച്ചന് പുത്തന്‍പറമ്പില്‍, ഔസേപ്പച്ചന് ചെറുകാട്, ജിയോ കുന്നശേരി, ടോമി പൊട്ടംകുഴിയില്‍, ടി.തോമസുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.