രംഗോത്സവ് - 2025: സംഘാടന മികവിൽ കെഇ സ്കൂൾ
1601116
Sunday, October 19, 2025 11:22 PM IST
മാന്നാനം: കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എഎസ്ഐഎസ്സി കേരള റീജൺ കലോത്സവം - രംഗോത്സവ് 2025ന് കൊടിയിറങ്ങുമ്പോൾ കെഇ സ്കൂളിന്റെ സംഘാടന മികവ് ഒരിക്കൽകൂടി ശ്രദ്ധിക്കപ്പെടുന്നു. 160 സ്കൂളുകളിൽനിന്ന് 2000 വിദ്യാർഥികൾ പങ്കെടുത്ത കലോത്സവം. 10 വേദികളിലായി 56 മത്സര ഇനങ്ങൾ. 10 വേദികളിലും മത്സരങ്ങൾ പരാതികളില്ലാതെ സുഗമമായി നടന്നു. ഓരോ ഇനത്തിന്റെയും ഫലം പ്രഖ്യാപിച്ചാലുടൻ സമ്മാനങ്ങൾ നൽകാൻ പ്രത്യേക വേദിയും ക്രമീകരണവും. തിക്കും തിരക്കുമില്ലാതെ യഥാസമയം ഭക്ഷണം. താമസ സൗകര്യം.
വർണദീപങ്ങളാൽ അലംകൃതമായ കെഇ സ്കൂളും പരിസരവും കലോത്സവത്തിനെത്തിയ വിദ്യാർഥികളെ മറ്റൊരു ലോകത്തെത്തിച്ചു. അവർ സർവം മറന്ന് കലോത്സവ ദിനങ്ങൾ ആഘോഷമാക്കി. 2024ലും ഇതേ കലോത്സവത്തിന് ആതിഥേയത്വം വഹിച്ചത് കെഇ സ്കൂൾ ആയിരുന്നു.
അന്നത്തെ സംഘാടന മികവാണ് തൊട്ടടുത്ത വർഷം വീണ്ടും കലോത്സവം മാന്നാനത്തു തന്നെ എത്താൻ കാരണമായത്. മികച്ച സംഘാടകനായ കെഇ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐയുടെ ശിരസിൽ മറ്റൊരു പൊൻതൂവൽ കൂടിയായി രംഗോത്സവ് - 2025.