അയര്‍ക്കുന്നം നിവാസികള്‍ ഉണർന്നതു ഞെട്ടിക്കുന്ന വാർത്തകൾ കേട്ട്
1601117
Sunday, October 19, 2025 11:22 PM IST
അയര്‍ക്കുന്നം: അയര്‍ക്കുന്നം നിവാസികള്‍ ഇന്നലെ ഉണര്‍ന്നപ്പോള്‍ കേട്ടതു കൊലപാതകവും മോഷണവും. രാവിലെ ഒന്‍പതോടെയാണ് കൊങ്ങാണ്ടൂര്‍ പോളയ്ക്കല്‍ ബെന്നിയുടെ വീട്ടില്‍നിന്ന് 12 പവന് സ്വര്‍ണവും 28,000 രൂപയും മോഷണം പോയ വിവരം നാട്ടിലറിഞ്ഞത്. തൊട്ടുപിന്നാലെ ഇളപ്പാനി ജംഗ്ഷനു സമീപത്തുള്ള നിര്‍മാണം നടക്കുന്ന വീട്ടില്‍ ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കൊന്നു കുഴിച്ചുമൂടിയെന്ന വാര്‍ത്തയുമെത്തി. ഇതോടെ പ്രദേശവാസികള്‍ ഞെട്ടലിലായി.
മണിക്കൂറുകള്‍ക്കം നിര്‍മാണത്തിലിരിക്കുന്ന വീടും പരിസരവും നാട്ടുകാരെക്കൊണ്ടു നിറഞ്ഞു. ഉച്ചകഴിഞ്ഞതോടെ പ്രതിയായ സോണിയെ പോലീസ് സംഘത്തിന്റെ അകമ്പടിയോടെ ഇവിടെ എത്തിച്ചു തെളിവെടുപ്പ് നടത്തി. ആദ്യം അല്പനയുടെ മൃതദേഹം കുഴിച്ചിട്ടിരിക്കുന്ന സ്ഥലം പ്രതി പോലീസിനു ചൂണ്ടിക്കാണിച്ചു കൊടുത്തു. തുടര്‍ന്നു കൊലപാതകം നടത്തിയ രീതിയിലും ഇയാള്‍ വിവരിച്ചു.
ഈ സമയത്ത് ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പിന്നീട് വീടിരിക്കുന്ന സ്ഥലത്തിനു മുകള്‍വശത്തുള്ള പറമ്പില്‍നിന്നും അല്‍പ്പനയുടെ ചെരിപ്പും സോണി പോലീസിനു കാണിച്ചുകൊടുത്തു. തുടര്‍ന്നു മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെ മണ്ണ് നീക്കി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
പോലീസിനു സഹായമായതു
സിസിടിവി ദൃശ്യം
മുന്‍കൂട്ടി നടത്തിയ കൃത്യമായ പ്ലാനിംഗിലൂടെയാണ് സോണി ഭാര്യ അല്പനയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പോലീസിനു കാര്യങ്ങള്‍ ബോധ്യപ്പെടുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. നിര്‍മാണത്തിലിരിക്കുന്ന വീടിനു സമീപം വിജനമാണെന്ന് വ്യക്തമായി അറിയാവുന്ന തൊഴിലാളിയായിരുന്നു സോണി. ഈ വീട്ടിലേക്കു വരുന്ന വഴിയിലുള്ള ഒരു വീട്ടില്‍ സിസിടിവി ഉണ്ടെന്ന കാര്യം സോണിക്ക് അറിയില്ലായിരുന്നു.
ഇവര്‍ ഓട്ടോയില്‍ ഇവിടെ വന്നിറങ്ങുന്നതും നടന്നുപോകുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. കുറച്ചു സമയത്തിനുശേഷം സോണി മാത്രമാണ് തിരികെ മടങ്ങിയത്. ഭാര്യയെ കാണാനില്ലെന്ന് അയര്‍ക്കുന്നം പോലീസില്‍ പരാതി നല്‍കിയതോടെ പോലീസ് ആദ്യം പരിശോധിച്ചത് ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളാണ്. ഇതോടെ കാര്യങ്ങള്‍ ബോധ്യപ്പെടുകയായിരുന്നു.
അല്‍പനയ്ക്കു മറ്റൊരാളുമായി ഉണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അയര്‍ക്കുന്നത്തും സമീപ പ്രദേശങ്ങളിലും നിര്‍മാണ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു സോണിയും ഭാര്യ അല്പനയും. ഇവരുടെ മക്കള്‍ അമയന്നൂര്‍ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. അല്പനയുടെ സൗഹൃദത്തെ ചൊല്ലി സോണി നിരന്തരം വഴക്കിടുക പതിവായിരുന്നു. കൊലപാതകം മുന്‍കൂട്ടി തീരുമാനിച്ചാണ് ഇയാള്‍ അല്പനയുമായി 14നു രാവിലെ ഇളപ്പാനി ജംഗ്ഷനു സമീപത്തെ വീട്ടില്‍ എത്തിയത്.
ഇവിടെവച്ചു ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയശേഷം മടങ്ങുകയായിരുന്നു. അല്പനയുടെ തല കരിങ്കല്ല് ഭിത്തിയില്‍ ഇടിപ്പിച്ചും കമ്പിപ്പാരയ്ക്ക് അടിച്ചുമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്നു വീടിന്റെ പിന്നില്‍ രണ്ടടി താഴ്ചയില്‍ കുഴിച്ചിട്ടു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇവിടെ മണ്ണിട്ടു നികത്തിയതിനാലാണ് മൃതദേഹം കുഴിച്ചിടാന്‍ ഈ സ്ഥലം തെഞ്ഞെടുത്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയതായിട്ടാണു ഇയാള്‍ കൊലപാതകത്തിനുശേഷം എല്ലാവരോടും പറഞ്ഞിരുന്നത്. ആദ്യഘട്ടത്തില്‍ ഇയാള്‍ പോലീസില്‍ പരാതി നല്‍കാന്‍പോലും തയാറായിരുന്നില്ല. പിന്നീടു സുഹൃത്തുക്കള്‍ പറഞ്ഞതോടെയാണ് പരാതി നല്‍കിയത്. പരാതി ലഭിച്ച ആദ്യഘട്ടത്തില്‍ തന്നെ സോണിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തന്നിലുള്ള സംശയം ഒഴിവാക്കാനായി ഇയാള്‍ അയര്‍ക്കുന്നത്തുള്ള മറ്റു ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കൊപ്പം ഭാര്യയെ വിവിധ സ്ഥലങ്ങളില്‍ എത്തി അന്വേഷിക്കുകയും ചെയ്തിരുന്നു.
അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ പോലീസ് സോണിയുടെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ എറണാകുളം ഭാഗത്തേക്ക് ഇയാള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതായി കണ്ടെത്തി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്നാണ് കൊല നടത്തിയതെന്നു പ്രതി സമ്മതിച്ചത്.
എറണാകുളത്ത് പ്രതിയെ അറസ്റ്റു ചെയ്യാൻ പോയ സംഘത്തിൽ എസ്ഐ സജു ടി. ലൂക്കോസ്, എഎസ്ഐ എസ്. ജയരാജ്,എ എസ്ഐ സുഭാഷ്, എഎസ്ഐ ജിജോ തോമസ്, ഹോംഗാർഡ് ജയരാജ് എന്നിവർ ഉണ്ടായിരുന്നു.